വിയ്യൂർ ജയിലിൽ തടവുകാർ തമ്മിൽതല്ലി; ആലുവ ബാലിക വധക്കേസ് പ്രതിയുടെ തലക്ക് അഞ്ചു തുന്നൽ
text_fieldsവിയ്യൂർ സെൻട്രൽ ജയിൽ
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടു തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആലുവ ബാലിക വധക്കേസ് പ്രതിയുടെ തലക്ക് അഞ്ചു തുന്നൽ. ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് വിയ്യൂരിൽ കഴിയുന്ന ബിഹാർ സ്വദേശി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്. സഹതടവുകാരനായ രഹിലാലുമായാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
തലയിൽ പരിക്കേറ്റതിനെ തുടർന്ന് ജയിൽ അധികൃതർ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചാണ് ചികിത്സ നൽകിയത്. തലയിലെ മുറിവിൽ അഞ്ചു തുന്നലുകളിട്ടുവെന്ന് അധികൃതർ പറഞ്ഞു. അസഫാക്ക് ആലത്തിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
അതേസമയം, രണ്ടു പേരെയും ജയിൽ മാറ്റുന്നതിന് നടപടി തുടങ്ങി. വധശിക്ഷക്ക് വിധിക്കപ്പെട്ട അസഫാക്ക് ആലത്തിനെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്കും രഹിലാലിനെ തിരുവനന്തപുരം ജയിലിലേക്കും മാറ്റാനാണ് ആലോചന. ഇതുസംബന്ധിച്ച അപേക്ഷ ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇതിലെ തീരുമാനപ്രകാരമായിരിക്കും നടപടി.
അസഫാക്ക് ആലം ജയിലിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് അധികൃതർ പറയുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും അടക്കം സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അഞ്ചിലധികം തവണ ഇയാൾ ജയിലിനുള്ളിൽ നടപടിക്ക് വിധേയനായിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

