വിലക്കയറ്റം; പരിശോധനയിലും കുലുങ്ങാതെ വിപണി
text_fieldsതൃശൂർ: വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ ഏറെ വൈകിയാണെങ്കിലും വിപണിയിലെ സംയുക്ത പരിശോധന ജില്ലയിൽ തുടരുന്നു. പൊതുവിപണിയിൽ അരിക്കും നിത്യോപയോഗ സാധനങ്ങൾക്കും വില വർധിച്ചിട്ടും പരിശോധന നടക്കാത്തതിൽ മാസങ്ങൾക്ക് മുമ്പുതന്നെ വിമർശനം ഉയർന്നെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധന തുടങ്ങിയത്.
വ്യാപാര ശാലകളിൽ പൊതുവിതരണ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനയിൽ വിപണി ഉപഭോക്തൃ സൗഹൃദമല്ലെന്നാണ് കണ്ടെത്തൽ. ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമാണ് വകുപ്പുകളുടെ നടപടി. എല്ലാ ദിവസവും പരിശോധന നടത്താനാണ് നിർദേശം. വൈകുന്നേരം മൂന്നോടെ പരിശോധന റിപ്പോർട്ട് അധികൃതർക്ക് നൽകുകയും വേണം. കർശന നടപടികളുമായി മുന്നോട്ടുപോയാൽ കാര്യമായ ഇടപെടലായി പരിശോധന പരിണമിക്കും. അതിനിടെ പരിശോധന നടക്കുന്ന വിവരം മൂൻകൂട്ടി വ്യാപാരികൾക്ക് ലഭിക്കുന്നതായും ആക്ഷേപമുണ്ട്.
വിലവിവരപ്പട്ടിക നോക്കുകുത്തി
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നത് നേരത്തെയുള്ള നിബന്ധനയാണ്. എന്നാൽ മിക്ക കടകളിലും പട്ടികയുണ്ടെങ്കിലും വിലവിവരം എഴുതുക പതിവില്ല. പരിശോധന നടത്തിയ 80 ശതമാനം കടകളിലും ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിരുന്നു. പരിശോധിച്ച ഭൂരിപക്ഷം കടകൾക്കും ഇക്കാര്യത്തിൽ നോട്ടീസ് നൽകി. തുടർപരിശോധന നടക്കാതെ പോയാൽ കാര്യങ്ങൾ പഴയപടിയാവും.
അളവുതൂക്കം കൃത്യമല്ല
പല വ്യാപാര സ്ഥാപനങ്ങളിലും അളവുതൂക്കം കൃത്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ആവശ്യമായ സമയത്ത് ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട് അളവുതൂക്ക ഉപകരണങ്ങൾ സീൽ ചെയ്യുന്നതിനോട് വ്യാപാരികൾ വിമുഖത കാട്ടുകയാണ്. ഇവ സീൽ ചെയ്യുന്നതിന് പലകുറി മാധ്യമങ്ങളിലൂടെ അധികൃതർ പരസ്യം നൽകുന്നുണ്ട്. അതേസമയം, ഇത് വേണ്ടന്ന് വെക്കുന്ന വ്യാപാരികൾ ഏറുകയാണ്. അളവിന് കൃത്യത ഇല്ലാത്തതിനാൽ ചിലപ്പോൾ വ്യാപാരികൾക്കും നഷ്ടം സംഭവിക്കാറുണ്ട്.
സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കുന്നില്ല
നിർബന്ധമായി പ്രദർശിപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കാണുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റ് കൂടാതെ ലീഗൽ മെട്രോളജി വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സർട്ടിഫിക്കറ്റും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നില്ല. ഇതും പരിശോധനയിൽ പ്രകടമാണ്. നോട്ടീസ് നൽകി സർട്ടിഫിക്കറ്റ് ഒരുക്കുന്നതിന് സമയപരിധി നിശ്ചയിച്ച് നൽകുകയാണ് ഇപ്പോൾ അധികൃതർ ചെയ്യുന്നത്. തുടർന്ന് ഇത് പാലിച്ചോ എന്ന പരിശോധന അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

