രാഷ്ട്രപതിയുടെ പൊലീസ് മെഡൽ: തൃശൂർ ജില്ലയിൽനിന്ന് മൂന്നുപേർ
text_fieldsആമോസ് മാമ്മൻ, പി.ആർ. രാജേന്ദ്രൻ, അപർണ ലവകുമാർ
തൃശൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ജില്ലയിൽനിന്ന് മൂന്നുപേർ അർഹരായി. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മന്‍ ലഭിച്ചു.
സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ കേരള പൊലീസ് അക്കാദമിയിലെ എസ്.ഐ പി.ആർ. രാജേന്ദ്രനും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാറിനും ലഭിച്ചു.
ആമോസ് മാമ്മൻ മാസങ്ങൾക്കു മുമ്പാണ് തൃശൂർ റേഞ്ച് സ്പെഷൽ ബ്രാഞ്ച് എസ്.പിയായി ചുമതലയേറ്റത്. കളമശേരി ട്രാഫിക് എസ്.ഐയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോഴിക്കോട് സിറ്റിയിൽ ഡെപ്യൂട്ടി കമീഷണറായിരുന്നു. രണ്ടാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനാകുന്നത്. 2014ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ കരസ്ഥമാക്കി.
2001ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടി. ഇടുക്കി മേലൂകാവ് സ്വദേശിയായ അദ്ദേഹം എറണാകുളം വൈറ്റിലയിലാണ് താമസം.
പി.ആർ. രാജേന്ദ്രന് രണ്ടാഴ്ച മുമ്പ് പരിശീലന മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ലഭിച്ചിരുന്നു. പിന്നാലെ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കൂടി തേടിയെത്തിയ സന്തോഷത്തിലാണ് അദ്ദേഹം. 2020 മുതൽ പൊലീസ് അക്കാദമിയിൽ പരിശീലനം തേടുന്നവർക്ക് ക്ലാസെടുക്കുന്ന അദ്ദേഹത്തിന് 2013ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.
1993 സിവിൽ പൊലീസ് ഓഫിസറായി സർവിസിൽ കയറിയ തെക്കുംകര പഞ്ചായത്ത് കരുമത്ര സ്വദേശിയായ രജേന്ദ്രൻ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തു. പൊലീസ് അക്കാദമിയിൽ എ.എസ്.ഐ ആയ ബേബിയാണ് ഭാര്യ. അവന്തിക വൈദേഹി, അനന്തിക മൈഥിലി എന്നിവരാണ് മക്കൾ.
ആമ്പല്ലൂർ സ്വദേശിയായ അപർണ ലവകുമാർ 2002ൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. തൃശൂർ സിറ്റി പൊലീസ് സോഷ്യൽ മീഡിയ വിഭാഗത്തിലൂടെ നിരവധി ബോധവത്കരണ വിഡിയോകൾ അവതരിപ്പിച്ചിട്ടുണ്ട്. ആമ്പല്ലൂരിലെ വെണ്ടോരിലാണ് താമസം. രണ്ട് പെൺമക്കൾ.
ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നു. ജനസേവന പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണിത്. ചികിത്സയിലിരിക്കെ മരിച്ച ഒരാളുടെ മൃതദേഹം വിട്ടുകിട്ടാൻ ചികിത്സത്തുക അടക്കാൻ കഴിയാതെ വിഷമിച്ചുനിന്ന കുടുംബാംഗങ്ങൾക്ക് സ്വർണവള ഊരിക്കൊടുത്ത് സാമ്പത്തിക സഹായം ചെയ്ത സംഭവം നടന്നത് 2008ലായിരുന്നു. 2016, 2019 വർഷങ്ങളിൽ അർബുദ രോഗികൾക്ക് മുടി ദാനം ചെയ്തതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

