കുതിരാൻ: രണ്ടാം തുരങ്കമൊരുങ്ങാൻ കടമ്പകളേറെ
text_fieldsകുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുത്തപ്പോൾ
തൃശൂർ: കുതിരാനിൽ രണ്ടാം തുരങ്കം യാഥാർഥ്യമാകാൻ കടമ്പകളേറെ. തുരങ്കത്തിെൻറ മുകൾഭാഗത്തുള്ള സുരക്ഷ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടില്ല. ടണലിെൻറ ഉൾഭാഗത്ത് കോൺക്രീറ്റിങ് നടത്തണം.വെള്ളം ഒഴിഞ്ഞുപോകാനുള്ള സംവിധാനവും കേബിളിട്ട് ബന്ധിപ്പിക്കാനുള്ള മാർഗങ്ങളും ഒരുക്കേണ്ടതുണ്ട്. ഹാൻഡ് റെയിലുകൾ വെച്ചുപിടിപ്പിക്കണം. അഗ്നിരക്ഷ സംവിധാനങ്ങളൊരുക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടില്ല. സി.സി.ടി.വി സുരക്ഷ സംവിധാനങ്ങൾ ഒരുക്കണം.
വൈദ്യുതീകരണം രണ്ടാം തുരങ്കത്തിലും പൂർത്തിയാക്കണം. പെയിൻറിങ് ഇതുവരെ തുടങ്ങിയിട്ടില്ല. എസ്.ഒ.എസ് ഫോൺ, സ്പീക്കർ തുടങ്ങിയവ ഘടിപ്പിക്കേണ്ടതുണ്ട്.തൃശൂർ ഭാഗത്തുള്ള തുരങ്കമുഖത്തെ കലുങ്ക് നിർമാണവും തുരങ്കമുഖത്തുനിന്നുള്ള റോഡും നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കലുമടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്.
അതേസമയം, വലത് ടണൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി സെപ്റ്റംബർ ആദ്യവാരം മുതൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് അതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കാനും ശനിയാഴ്ച മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.നിശ്ചിത ഇടവേളകളിൽ പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗങ്ങളിൽ ജില്ലയിലെ മറ്റ് മന്ത്രിമാരും ലോക്സഭ അംഗങ്ങളും പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തും.
ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ. രാജൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, തൃശൂർ ജില്ല കലക്ടർ ഹരിത വി. കുമാർ, മുൻ ജില്ല കലക്ടറും തുരങ്ക നിർമാണ സ്പെഷൽ ഓഫിസറുമായ എസ്. ഷാനവാസ്, ജില്ല വികസനകാര്യ കമീഷണർ അരുൺ കെ. വിജയൻ, അസി. കലക്ടർ അണ്ടർ ട്രെയിനി സുഫിയാൻ അഹമ്മദ്, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.