കലോത്സവ അടുക്കള ഒരുക്കം പൂര്‍ത്തിയായി; പാലുകാച്ചല്‍ നാളെ
text_fieldsതൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുര സന്ദർശിക്കുന്ന മന്ത്രി കെ. രാജൻ. ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ നിജി ജസ്റ്റിൻ എന്നിവർ സമീപം -ടി.എച്ച്. ജദീർ
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെത്തുന്നവര്ക്കുള്ള ഭക്ഷണം തയാറാക്കന്‍ വേണ്ട അടുക്കളയുടെ നിർമാണം പൂര്‍ത്തിയായി. പാചക ചുമതലയുള്ള പഴയിടം മോഹനന് തിങ്കളാഴ്ച എത്തുന്നതോടെ അവസാന പണികൾകൂടി പൂര്‍ത്തിയാക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പാലുകാച്ചല്‍ നടക്കും. 4000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനും 4000 പേര്‍ക്ക് വരിനില്ക്കുന്നതിനുമുള്ള പന്തല്‍ നിർമാണം പൂര്‍ത്തിയായി.
അടുക്കളയിലേക്ക് വേണ്ട പച്ചക്കറികളും എത്തി. പാലുകാച്ചലിന് ശേഷം ദൂരെ നിന്നുവരുന്ന കുട്ടികള്‍ക്കുവേണ്ടി രാത്രിയിലേക്ക് ഭക്ഷണം ഒരുക്കും. ബുധനാഴ്ച രാവിലെ മുതലാണ് അടുക്കള പൂര്‍ണസജ്ജമാകുന്നത്. ബുധനാഴ്ച രാവിലെയുള്ള പ്രഭാത ഭക്ഷണത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്കി പഴയിടം കൊങ്ങിണി ശൈലിയിലുള്ള നവധാന്യ ദോശയും സാധാരണ ദോശയോടെപ്പം വിളമ്പും. എകദേശം 10,000 പേര്‍ക്കാണ് ഒരുക്കുക. ഉച്ചക്ക് 20,000 പേര്‍ക്കുള്ള ഉച്ചഭക്ഷണം തയാറാക്കും. ബുധനാഴ്ചയിലെ ഉച്ചഭക്ഷണത്തോടൊപ്പം ചക്ക പായസമായിരിക്കും പ്രത്യേക രൂചിക്കൂട്ടായി തയാറാക്കുന്നത്.
ഇത്തവണ എണ്ണപലഹാരങ്ങള്‍ ഒഴിവാക്കണം എന്ന അഭിപ്രായം ഉണ്ടായിരുന്നെങ്കിലും വിഭവങ്ങളില്‍നിന്ന് പഴം പൊരിയും വടയും ഒഴിവാക്കിയിട്ടില്ല. ഭക്ഷണം വിതരണം ചെയ്യുന്നതിന് അധ്യാപകരും, അധ്യാപക വിദ്യാർഥികളും ചേര്‍ന്ന 600 പേര് ഊട്ടുപുരയിലുണ്ടാകും. മൂന്ന് സമയങ്ങളിലായാണ് ഇവരെ ക്രമപ്പെടുത്തിയിരിക്കുന്നത്. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് ചായക്ക് ശേഷം ദൂരേക്ക് മടങ്ങിപ്പോകുന്ന കുട്ടികള്‍ക്ക് രാത്രി കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞ് കൊടുക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സാജു ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

