മഴക്കാലപൂർവ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു
text_fieldsതൃശൂർ: ജില്ലയിൽ മഴക്കാലപൂർവ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ഇതിനായി വാർഡൊന്നിന് പരമാവധി 30,000 രൂപ ചെലവിടാമെന്നാണ് തദ്ദേശവകുപ്പ് ഉത്തരവ്. ഇതിൽ 10,000 രൂപ വീതം ശുചിത്വമിഷൻ, ദേശീയ ആരോഗ്യ മിഷൻ എന്നിവരാണ് നൽകുക. മുനിസിപ്പൽ കോർപറേഷനുകൾക്ക് 40,000 രൂപ ലഭിക്കും. ശുചിത്വ മിഷൻ വിഹിതം 20,000 രൂപയാണ് ഇവർക്ക് നൽകുക. ഇതിൽ ശുചിത്വമിഷന്റെ വിഹിതം സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. വാർഡ്തല ശുചിത്വസമിതി കൂടി വിശദമായ ചർച്ചകൾ നടത്തി വാർഡ്തല രേഖ തയാറാക്കേണ്ടതുണ്ട്.
വാർഡ്തല ആരോഗ്യ ശുചിത്വപോഷണ സമിതികൾ, തദ്ദേശ സ്ഥാപനതല സംഘാടക സമിതികൾ, ജില്ല കോർ കമ്മിറ്റികൾ എന്നിവ പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 50 വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപവത്കരിച്ച് മാലിന്യക്കൂനകൾ, വെള്ളക്കെട്ടുകൾ, കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ ഇവ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ ഉൾപ്പെടെ ശുചീകരിക്കാനുള്ള കർമ പരിപാടി ആസൂത്രണം ചെയ്യാനാണ് നിർദേശം.
ആരോഗ്യ ജാഗ്രത കാമ്പയിന്റെ കർമ പരിപാടി ആവിഷ്കരിക്കാനൊരുങ്ങുകയാണ് ജില്ല ഭരണകൂടം. ജില്ലതലം, തദ്ദേശം സ്ഥാപന തലം, വാർഡ്തലം എന്നിവയായി തിരിച്ച് ജില്ല ശുചിത്വമിഷൻ കോഓഡിനേറ്റർ, തദ്ദേശ സെക്രട്ടറി എന്നിവർക്ക് ചുമതല നൽകിയാണ് വിവിധ വകുപ്പുകളെ ഒന്നിച്ചുചേർത്ത് മഴക്കാലപൂർവ കർമപരിപാടി ആവിഷ്കരിക്കുന്നത്. ജില്ല ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ നിർവഹണ പുരോഗതി അവലേകനം ചെയ്യും. കുടുംബശ്രീ, എ.ഡി.എസ്, സി.ഡി.എസ്, ആശ പ്രവർത്തകർ, ഹരിത കർമസേന, െറസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ, എൻ.ജി.ഒകൾ, എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, സന്നദ്ധ-സാംസ്കാരിക സംഘടനകൾ തുടങ്ങിയവരെ ഒന്നിച്ചുചേർത്താണ് മഴക്കാലപൂർവ പ്രവർത്തനങ്ങൾ നടത്തുക. മാലിന്യപരിപാലനം, കൊതുക് നിവാരണം, ജലസ്രോതസ്സുകളുടെ ശുചീകരണം, അജൈവ പാഴ്വസ്തുക്കൾ നീക്കം ചെയ്യൽ, സാമൂഹിക വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 30നകം വാർഡുകളെ പൂർണമായും വൃത്തിയാക്കുന്ന പ്രവർത്തനം പൂർത്തീകരിക്കാനാണ് നിർദേശം. അതിന് മുമ്പ് ജലാശയങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനവും പൂർത്തിയാക്കണം. തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

