പോസ്റ്റൽ വിഭാഗം ആർ.ഡി ഏജന്റുമാരുടെ രണ്ട് ലക്ഷവുമായി പോസ്റ്റൽ അസിസ്റ്റന്റ് മുങ്ങി
text_fieldsപഴഞ്ഞി: ആർ.ഡി ഏജന്റുമാർ പോസ്റ്റ് ഓഫിസിൽ അടയ്ക്കാൻ നൽകിയ പണവുമായി ഇതര സംസ്ഥാനക്കാരനായ പോസ്റ്റൽ അസിസ്റ്റന്റ് മുങ്ങി. പഴഞ്ഞി പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് ബിഹാർ സ്വദേശി കുശാഗ്ര അഗർവാളാണ് (24) രണ്ട് ലക്ഷം രൂപയുമായി മുങ്ങിയത്. തിങ്കളാഴ്ച രാവിലെ നാല് ആർ.ഡി ഏജന്റുമാർ നൽകിയ പണവുമായാണ് ഉദ്യോഗസ്ഥൻ കടന്നുകളഞ്ഞത്.
കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ ആറ് മാസമായി പഴഞ്ഞി പോസ്റ്റ് ഓഫിസിലാണ് ജോലി ചെയ്യുന്നത്. എജന്റുമാരിൽനിന്ന് പണമടക്കുന്നവരുടെ പട്ടികയും പണവും വാങ്ങിവെച്ച ശേഷം പുറത്തുപോയി വരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
കുന്നംകുളത്ത് ലോഡ്ജിൽ കഴിഞ്ഞിരുന്ന ഇയാൾ ബൈക്കിലാണ് പതിവായി ഓഫിസിൽ എത്തിയിരുന്നത്. ബൈക്കിന്റെ താക്കോൽ താഴെ പോയി കൊടുത്തു വരാമെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു.
ബൈക്കുമായാണ് ഇയാൾ പഴഞ്ഞിയിൽനിന്ന് രക്ഷപ്പെട്ടത്. സമീപത്ത് നിരീക്ഷണ കാമറകൾ ഇല്ലാത്തതിനാൽ ഏതു വഴിയിലൂടെ കടന്നുവെന്ന് കണ്ടെത്താനായില്ല. പോസ്റ്റൽ അധികാരികളുടെ പരാതിയിൽ കുന്നംകുളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

