പോസ്റ്റ് ഓഫിസ് റോഡ് വികസനം; നഷ്ടപരിഹാരത്തുക പോരെന്ന് വ്യാപാരികൾ
text_fieldsമാള പോസ്റ്റ് ഓഫിസ് റോഡ്
മാള: പോസ്റ്റ് ഓഫിസ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപ പോരെന്ന് വ്യാപാരികൾ. നേരത്തേ ടൗൺ വികസനത്തിന്റെ ഭാഗമായി മാള-പോസ്റ്റ് ഓഫിസ് റോഡ് വീതി കൂട്ടാൻ സർക്കാർ രണ്ടുകോടി അനുവദിച്ചിരുന്നു.
മാള ടൗണിൽ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റോഡ് വീതി കൂട്ടൽ. മൂന്ന് ഡസനിലധികം വരുന്ന സ്ഥാപനങ്ങളും ഏതാനും വീടുകളുടെയും സ്ഥലമാണ് നഷ്ടപ്പെടുക. നേരത്തേ കൊടകര കൊടുങ്ങല്ലൂർ റോഡ് വികസനത്തിന്റെ ഭാഗമായി ഒരു വശം മാത്രമാണ് എടുത്തത്. പോസ്റ്റ് ഓഫിസ് റോഡിന്റെ ഇരുഭാഗവും നീക്കം ചെയ്യാനാണ് സാധ്യത. ഈ റോഡിൽ രണ്ടോ മൂന്നോ സ്ഥാപനങ്ങൾ മാത്രമാണ് നിശ്ചിത ദൂരം പാലിച്ച് പുനർനിർമിച്ചിട്ടുള്ളത്. ശേഷിക്കുന്ന സ്ഥാപനങ്ങളുടെ മുൻഭാഗം നീക്കിവേണം നിർമാണം നടത്താൻ. ഇതിൽ മാള പോസ്റ്റ് ഓഫിസും ഉൾപ്പെടുന്നുണ്ട്.
ഏതാനും വീട്ടുകാരുടെ സ്ഥലവും ചിലരുടെ കെട്ടിടവും നഷ്ടപ്പെടും. ഇപ്പോൾ അനുവദിച്ചതിൽനിന്ന് കൂട്ടി അനുവദിച്ചാൽ മാത്രമേ താൽക്കാലിക ആശ്വാസം എങ്കിലും ലഭ്യമാകൂവെന്ന് വ്യാപാരികൾ പറയുന്നു. സ്ഥാപനങ്ങളുടെ മുൻവശം ഏറ്റെടുക്കുന്നതോടെ തീർത്തും കച്ചവടം നഷ്ടപ്പെടുന്നവരും ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. ഇടുങ്ങിയ പോസ്റ്റ് ഓഫിസ് റോഡിൽ വികസനം സാധ്യമാക്കൽ ഇതോടെ കടമ്പയാവുകയാണ്.
അതേസമയം, മാന്യമായ നഷ്ടപരിഹാര സംഖ്യ കൊടുക്കാതെ ഒഴിഞ്ഞു പോകില്ല എന്ന നിലപാടിലാണ് വ്യാപാരികൾ. നേരത്തേ ഇത് സംബന്ധമായി വ്യാപാരികൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. മതിയായ നഷ്ടപരിഹാര സംഖ്യ സർക്കാറിൽനിന്ന് വാങ്ങി നൽകുമെന്ന് ഉറപ്പും കൊടുത്തതായി അറിയുന്നു.
വ്യാപാരസ്ഥാപനങ്ങൾ തീർത്തും നഷ്ടപ്പെടുന്നവർക്ക് കൂടുതൽ സംഖ്യയും അൽപം മാത്രംഭാഗം നഷ്ടപ്പെടുന്നവർക്ക് കുറഞ്ഞ സംഖ്യയുമാണ് നൽകുക. ഇതിനും കൃത്യമായ ഒരുരൂപം കണ്ടെത്തേണ്ടതുണ്ട്. വിഷയത്തിൽ വ്യാപാരി വ്യവസായി മാള ഏകോപനസമിതി ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല. തങ്ങൾ ആലോചിച്ച ശേഷം മറുപടി പറയാം എന്നാണ് ഇവരുടെ നിലപാട്.
സങ്കീർണമായ ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് വരും നാളുകളിൽ അറിയാം. അതേസമയം, ഇതിൽ അധികപേരും വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തുന്നവരാണ്. നഷ്ടപരിഹാരസംഖ്യ സ്വാഭാവികമായി ഉടമക്കാണ് ലഭിക്കുക. ഉടമ വാടകക്കാർക്ക് ഇതിൽനിന്നും സംഖ്യ നൽകുകയില്ലന്നറിയുന്നു. ഇങ്ങനെ വന്നാൽ ഈ കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്നതും മുന്നിലുള്ള ഒരു കടമ്പയാണ്. തങ്ങളുടെ പുനരധിവാസം ഉറപ്പാകാത്തപക്ഷം ഒഴിഞ്ഞു നൽകുകയില്ല എന്ന നിലപാടിലാണ് കച്ചവടക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

