പെരുമ്പിലാവിൽ ‘കുട്ടി പോസ്റ്റ് ഓഫിസ്’ തുറന്നു
text_fieldsപെരുമ്പിലാവ് അൻസാർ സ്പ്രൗട്സ് പ്രീ സ്കൂളിൽ ‘കുട്ടി പോസ്റ്റ് ഓഫിസ്’ തുറന്നപ്പോൾ
പെരുമ്പിലാവ്: സ്മാർട്ട് ഫോണും ഇ-മെയിലുമൊക്കെയായി ഓടുന്ന പുതിയ തലമുറയെ കത്തുകളുടെ ലോകം പരിചയപ്പെടുത്തി അൻസാർ സ്പ്രൗട്സ് പ്രീ സ്കൂൾ. ഭാരതീയ തപാൽ ദിനാഘോഷത്തിന്റെ ഭാഗമായാണ് സ്കൂളിൽ ‘കുട്ടി പോസ്റ്റ് ഓഫിസ്’ താൽക്കാലികമായി ഒരുക്കിയത്. സ്കൂൾ പ്രിൻസിപ്പൽ സാജിത റസാഖ് പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കരിക്കാട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരായ കെ.പി. ജയപ്രഭ, കെ.എം. ഷബ്ന എന്നിവർ കുട്ടികൾക്ക് തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളെ കുറിച്ച് ക്ലാസെടുത്തു.
ആഘോഷത്തിന്റെ ഹൈലൈറ്റ് കുഞ്ഞു പോസ്റ്റ്മാന്മാരായിരുന്നു. വിദ്യാർഥികൾ തന്നെ പോസ്റ്റ്മാനും പോസ്റ്റ് വുമണുമായി വേഷമിട്ട് എത്തിയത് കൗതുകമായി. സ്കൂളിൽ പ്രത്യേകം തയാറാക്കിയ ചുവന്ന പോസ്റ്റ് ബോക്സിൽ കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്കും അധ്യാപകർക്കും വേണ്ടി എഴുതിയ കത്തുകൾ നിക്ഷേപിച്ചു. പിന്നീട് കുട്ടി പോസ്റ്റ്മാന്മാരായ ഹയ്സാൻ സെഹക്ക്, ഹവ്വ സോബി, മുഹമ്മദ് തൻസിൽ, പി.എം. സൈദ് ഇബ്രാഹിം എന്നിവർ ആ കത്തുകൾ ശേഖരിച്ച് അതത് ക്ലാസുകളിൽ നേരിട്ട് എത്തിച്ചു നൽകി. വൈസ് പ്രിൻസിപ്പൽ ഫരീദ ഇ മുഹമ്മദ്, ജൂനിയർ പ്രിൻസിപ്പൽ ബബിത ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ജൂനിയർ പ്രിൻസിപ്പൽ വി.പി സജ്ന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

