പൂരപറമ്പിൽ മെഗാ കാഴ്ച: ആവേശമായി `എെൻറ കേരളം' മെഗാ പ്രദർശനം
text_fields‘എെൻറ കേരളം’ മെഗാ പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവരുടെ
നേതൃത്വത്തിൽ നടന്ന ഘോഷയാത്ര
തൃശൂർ: തേക്കിൻകാട്ടിലെ കുതിരാൻ തുരങ്കത്തിലൂടെ കയറിയവർ കണ്ട കാഴ്ച ചെന്നുനിന്നത് വിശാലമായ മറ്റൊരു ലോകത്ത്. സർക്കാറിെൻറ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എെൻറ കേരളം' മെഗാ പ്രദര്‍ശന വിപണന മേളക്ക് തൃശൂരിൽ തുടക്കമായി. പ്രദർശന കവാടത്തിന് രാജ്യത്തെ ആദ്യത്തെ ഇരട്ടുക്കുഴൽ തുരങ്കമായ കുതിരാന്‍ തുരങ്കത്തിെൻറ മാതൃകയാണ് ജില്ല തിരഞ്ഞെടുത്തിരിക്കുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ ഒരു കൊച്ചുകേരളം ഒരുക്കിയാണ് പ്രദർശനം പതിവ് മാതൃകകളിൽനിന്ന് വേറിട്ട് നിൽക്കുന്നത്. പിന്നിട്ട വർഷങ്ങളിൽ കേരളത്തിന് ലഭിച്ച നേട്ടങ്ങൾ, പൂർത്തീകരിച്ച ഒട്ടനവധി പദ്ധതികൾ, കേരളത്തിെൻറ ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍, ഭാവിയിലേക്കുള്ള ചുവടുവെപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചാനുഭവങ്ങളും പ്രദർശന നഗരിയിലുണ്ട്. ഏപ്രിൽ 24ന് മേള സമാപിക്കും.
നാടുണർത്തി വിളംബര ഘോഷയാത്ര
പ്രദർശന വിപണന മേളയുടെ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. കോവിഡിെൻറ വിലക്കുകൾ ഒഴിഞ്ഞതിനെത്തുടർന്നാണ് പ്രൗഢിയോടെ നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചത്. വൈകീട്ട് നാലരയോടെ നായ്ക്കനാലിൽനിന്ന് ആരംഭിച്ച ഘോഷയാത്ര തേക്കിൻകാട് പ്രദർശന നഗരിയിൽ എത്തിയപ്പോഴേക്കും സാക്ഷിയാകാൻ സ്വരാജ് റൗണ്ടിെൻറ ഇരുവശത്തുമായി ആയിരങ്ങൾ നിരന്നു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, എം.എൽ.എമാരായ എ.സി. മൊയ്തീൻ, ഇ.ടി. ടൈസൺ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, കോർപറേഷൻ മേയർ എം.കെ. വർഗീസ്, കലക്ടർ ഹരിത വി. കുമാർ എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര വിപണിയിലേക്ക്: അതിരപ്പിള്ളി ഗോത്രോൽപന്നങ്ങൾ
വെള്ളച്ചാട്ടത്തിനും കാനനഭംഗിക്കും പേരുകേട്ട അതിരപ്പിള്ളി ബ്രാൻഡിങ്ങിലൂടെ പെരുമയേറ്റുന്നു. ചാലക്കുടിപ്പുഴയോരത്തെ ഗോത്ര സമൂഹത്തിൽനിന്നുള്ള തനത് കാർഷിക ഉൽപന്നങ്ങളാണ് ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിട്ട് മേളയിലെത്തിയത്. 14 ഊരുകളിലുള്ള ആദിവാസികളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബൽവാലി പദ്ധതി. വൻതേൻ, ചെറുതേൻ, കുറംതേൻ, കാപ്പി, ജാതി, ഏലം, കൊട്ടടക്ക, കൊക്കോ, കുടംപുളി, ശിക്കാക്കായ്, മഞ്ഞക്കൂവ, കാട്ടിഞ്ചി എന്നിവ ബ്രാൻഡ് ചെയ്തു അന്താരാഷ്ട്ര വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കൃഷി വകുപ്പ്.
വാഴയോട് കളിക്കണ്ട, മേളയിൽ കാണാം പൂരം
വ്യത്യസ്തതയാർന്ന കാഴ്ചയാണ് കൃഷി വകുപ്പിെൻറ വാഴയിന പ്രദർശനം. ചമ്മന്തി മുതൽ സ്ക്വാഷ് വരെയുള്ള വ്യത്യസ്ത ഉൽപന്നങ്ങളാണ് മേളയിൽ ഒരുക്കിയത്. വടക്കാഞ്ചേരി കൊടകര ബ്ലോക്കുകൾ സംയുക്തമായാണ് വാഴയിനങ്ങളുടെ പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. വാഴക്കൂമ്പ് ചമ്മന്തി, ചട്ണിപ്പൊടി, വാഴപ്പിണ്ടി അച്ചാർ, വാഴപ്പിണ്ടിയുടെയും നെല്ലിക്കയുടെയും നീര് മിശ്രിതമായി ചേർത്തുണ്ടാക്കിയ സ്ക്വാഷ്, ജിഞ്ചർ വാഴപ്പിണ്ടി ഇഞ്ചി സ്ക്വാഷ്, കുട്ടികൾക്കായി കണ്ണങ്കായ ഉണക്കിയത് എന്നിങ്ങനെ തനി നാടൻ വാഴ വിഭവങ്ങളുടെ പ്രദർശനവും നല്ല ഒറിജിനൽ തൃശൂർ ചെങ്ങാലിക്കോടെൻറ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രതീക്ഷകൾ നെയ്യുന്നവരുടെ മേള
'പ്രായം 38. ഇപ്പോഴും കുട്ടികളുടെ പ്രകൃതമാ. ഭക്ഷണം പോലും തനിയെ കഴിക്കില്ല. എല്ലാത്തിനും ഞാൻ കൂടെ വേണം...' മേളയിൽ സജ്ജീകരിച്ചിട്ടുള്ള സാമൂഹിക നീതി വകുപ്പിെൻറ സ്റ്റാളിൽ നിറസാന്നിധ്യമായി നിൽക്കുന്ന ഭിന്നശേഷിക്കാരനായ രാജേഷിെൻറ അമ്മയുടെ വാക്കുകളാണിത്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന രാജേഷിനെയുംകൊണ്ട് രാധ ജീവിതം തള്ളിനീക്കുന്നത് ചവിട്ടികൾ നെയ്തെടുത്തുകൊണ്ടാണ്. ഇത്തരം ഉൽപന്നങ്ങൾ സാമൂഹിക നീതി വകുപ്പിെൻറ സ്റ്റാളിലൂടെ വിറ്റുപോകുന്നത് ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് ഇവർ. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ അല്ലാതെ മറ്റൊരു വരുമാനവും ഇല്ലാത്ത ഇവർ കൊണ്ടാഴി പഞ്ചായത്തിലെ കാരുണ്യ ബി.ആർ.സിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർ നിർമിച്ച ഉൽപന്നങ്ങളാണ് സ്റ്റാളിൽ പ്രദർശനത്തിന് എത്തിച്ചിട്ടുള്ളത്. ചവിട്ടികൾ, കുട, മെഴുകുതിരി, അച്ചാറുകൾ, ചെടികൾ, പേപ്പർ പേനകൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ പ്രദർശനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

