തെരുവ് നായ് മുതൽ കുടിവെള്ളം വരെ; മഴയിലും രാഷ്ട്രീയച്ചൂട് കുറയാതെ കോർപറേഷൻ കൗൺസിൽ
text_fieldsതൃശൂർ: തെരുവുനായ് ശല്യവും നഗരത്തിലെ കുടിവെള്ള വിതരണ വിഷയം അടക്കം രാഷ്ട്രീയത്തിൽ മുങ്ങി കോർപറേഷൻ കൗൺസിൽ യോഗം. തെരുവ് നായ് അതിരൂക്ഷമായെന്നും ജനങ്ങളുടെ പരാതികൾക്ക് മറുപടി നൽകാനാകാതെ കുഴയുകയാണെന്നും ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തുറന്നടിച്ചപ്പോൾ ഏറ്റവും കുറവു നായശല്യം തൃശൂരിലാണെന്ന ന്യായീകരണമായിരുന്നു മേയർ എം.കെ. വർഗീസിന്റേത്.
എ.ബി.സി പദ്ധതി എടുത്തുകാട്ടി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പരാതികൾക്കു വിശദീകരണമില്ലാത്തത് അംഗങ്ങൾ ചോദ്യം ചെയ്തു. നായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഫലപ്രദമായി നടപ്പാക്കാനാകുന്നില്ലെന്ന ആക്ഷേപവുമുയർന്നു. വില്ലടം ഭാഗത്ത് പന്നിശല്യവുമുണ്ടെന്നും അംഗങ്ങൾ പരാതിയുന്നയിച്ചു. ദീർഘ കാലം നഗരസഭ ഭരിക്കുകയും സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമുണ്ടായിട്ടും തൃശൂരിലെ കുടിവെള്ള വിതരണത്തിന് പരിഹാരം കാണാൻ കോൺഗ്രസ് ഭരണസമിതികൾക്ക് കഴിഞ്ഞില്ലെങ്കിൽ ഇടതു ഭരണസമിതികൾ സ്വീകരിച്ച നിലപാടാണ് നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന അവകാശവാദവുമായി ഭരണപക്ഷം രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചത് ഏറെ നേരം ചർച്ചക്കിടയാക്കി.
കുടിവെള്ള വിഷയത്തിൽ സി.പി.എമ്മിനു പറ്റിയ തെറ്റുകൾ മുടിവെക്കാൻ കുറ്റം മുഴുവൻ മുൻ ഭരണസമിതികളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി. വർഗീസ് കണ്ടംകുളത്തിയാണ് രാഷ്ട്രീയ റിപ്പോർട്ട് എഴുതിയുണ്ടാക്കിയതെന്നും വിദഗ്ധരുടെ അഭിപ്രായമാണ് വേണ്ടതെന്നും പറഞ്ഞു. റിപ്പോർട്ടിൽ കെ. കരുണാകരന്റെ പേര് മനഃപൂർവം ഒഴിവാക്കി.
ശുചീകരിച്ച വെള്ളത്തിൽ ചെളി കലരുന്ന പ്രതിഭാസം എന്താണ് ഇപ്പോഴും തുടരുന്നതെന്നും ചോദിച്ചു. കൂട്ടിച്ചേർക്കപ്പെട്ട പ്രദേശങ്ങളിലെ കുടിവെള്ള വിതരണം കോർപറേഷൻ ഏറ്റെടുക്കണമെന്നും അമൃത് പദ്ധതിയിൽ പെടുത്തി 300 കോടിയോളം രൂപ കേന്ദ്രം നൽകിയത് ഉപയോഗിച്ചാണ് ഭരണപക്ഷം മേനിപറയുന്നതെന്നും കോൺഗ്രസ് അംഗങ്ങൾ പരിഹസിച്ചു. ലാലൂരിലെ നിർമാണ പ്രവൃത്തികൾ തടസ്സപ്പെട്ടതു ജോൺ ഡാനിയൽ ചൂണ്ടിക്കാട്ടി. ബയോമൈനിങ് എന്ന പേരിൽ ഷീറ്റുകൾ വിരിക്കുന്നുണ്ട്. അതിലപ്പുറമൊന്നും കാണാനാകുന്നില്ല. തെരുവു കച്ചവടക്കാരെ പട്ടാളം റോഡിൽ നിന്നും ഒഴിവാക്കിയപ്പോൾ അവർ സമീപപ്രദേശങ്ങളിലേക്കു മാറിയിരിക്കുകയാണെന്നും ഗതാഗതക്കുരുക്കിന് ഇടയായെന്നും സിന്ധു ആന്റോ പറഞ്ഞു.
ലാലൂരിലെ പ്രവൃത്തികൾ തടസ്സപ്പെട്ടിട്ടില്ലെന്നു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. മഴ മൂലമാണ് ബയോമൈനിങ് നിർത്തിയത്.
ഓണത്തിനു മുമ്പ് തെരുവുവിളക്കുകളെല്ലാം കത്തിക്കുമെന്ന് മേയർ ഉറപ്പുനൽകി. ഭിന്നശേഷിയുള്ള കുട്ടികളുടെ സംഗമം വെള്ളിയാഴ്ച പുഴയ്ക്കൽ വെഡിങ് വില്ലേജിൽ നടത്തുമെന്നും അറിയിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. വഞ്ചിക്കുളത്ത് ഇന്നു മുതൽ ഒരാഴ്ച വിവിധ കലാപരിപാടികൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

