പൊലീസിന്റെ വയർലസ് സന്ദേശങ്ങൾ ചോർത്തി; യുവാവ് അറസ്റ്റിൽ
text_fieldsസമ്പത്ത്
അന്തിക്കാട്: പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയയാൾ അറസ്റ്റിൽ. ചാഴൂര്‍ നമ്പേരി വീട്ടില്‍ സമ്പത്തിനെയാണ് (40) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ജില്ലയിലെ മൊത്തം പൊലീസ് വയർലസ് സംവിധാനങ്ങൾ ഇയാൾ ചോർത്തിയതായാണ് സൂചന. എയര്‍ ട്രാഫിക് സംവിധാനങ്ങള്‍ നിരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഈ വയര്‍ലസ് സംവിധാനത്തില്‍ ഉണ്ടെന്നും സൂചനയുണ്ട്.
സമ്പത്ത് വര്‍ഷങ്ങളോളം അബൂദബി ഡിഫന്‍സിന്റെ ഐ.ടി മേഖലയില്‍ ടെക്നീഷ്യനായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലി ഉപേക്ഷിച്ച് നാട്ടിലുണ്ട്. ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ വലിയ രീതിയിലുള്ള വയര്‍ലസ് സംവിധാനങ്ങളാണ് വീട്ടില്‍ ഒരുക്കിയിട്ടുള്ളത്.
പൊലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗവും സൈബര്‍ സെല്ലും മറ്റു വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരുകയാണ്. അന്തിക്കാട് ഐ.എസ്.എച്ച്.ഒ പി.കെ. ദാസ്, എസ്.ഐമാരായ എം.സി. ഹരീഷ്, പി.കെ. പ്രദീപ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മുരുകദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

