കണ്ണ് തുറന്ന്, കരുതലൊരുക്കി പൊലീസ്
text_fieldsതൃശൂർ: ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ വിപുലമായ സുരക്ഷക്രമീകരണങ്ങൾ. പൊതുജനങ്ങൾ ഒത്തുകൂടുന്നിടത്തെല്ലാം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിച്ചു. തൃശൂർ നഗരത്തെ സോണുകളും സെക്ടറുകളുമായി തിരിച്ച്, പകലും രാത്രിയും പൊലീസ് വാഹന പട്രോളിങ്ങും കാൽനട പട്രോളിങ്ങും ഏർപ്പെടുത്തി. നഗരത്തിൽ ഗതാഗതം സുഗമമാക്കാൻ ട്രാഫിക് പ്ലാൻ നടപ്പാക്കും. സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന ഷോപ്പിങ് കേന്ദ്രങ്ങൾ, തേക്കിൻകാട് മൈതാനം, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം വനിത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഡ്യൂട്ടിയിലുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പിങ്ക് പൊലീസ് പട്രോളിങ് ശക്തമാക്കും. കൂടാതെ വനിത പൊലീസ് ഉദ്യോഗസ്ഥരെ മഫ്തി വേഷത്തിലും വിന്യസിക്കും. മദ്യവാറ്റ്, വിൽപന എന്നിവ തടയാൻ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും അതിജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചു.
കഞ്ചാവ്, മയക്കുമരുന്ന് ഉൽപന്നങ്ങൾ വിൽക്കുന്നവരെയും ഉപയോക്താക്കളെയും കണ്ടെത്താൻ 24 മണിക്കൂർ ജാഗ്രതയോടെ ഷാഡോ പൊലീസും ഡോഗ് സ്ക്വാഡും വിദഗ്ധരുടെ സംഘവുമുണ്ടാവും. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും ഗുണ്ടപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരെയും എസ്.എച്ച്.ഒമാരും എ.സി.പിമാരും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്യും. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ കാപ്പ നടപടി ഉൾപ്പെടെയുള്ളവ സ്വീകരിക്കും.
മുൻകാല കുറ്റവാളികളെയും സമീപകാലത്ത് ജയിൽ വാസം പൂർത്തിയാക്കിയവരെയും പ്രത്യേകം നിരീക്ഷിക്കും. രാഷ്ട്രീയ വിദ്വേഷവും മതസ്പർധയും നിലനിൽക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം സജ്ജീകരണമൊരുക്കും. പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചാരണം ഊർജിതമാക്കും.
അവധിദിനങ്ങളിൽ വീടുകൾ പൂട്ടി ബന്ധുവീടുകളിലേക്കോ വിനോദയാത്രകൾക്കോ പോകുന്നവർ അതത് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ പൊലീസ് മൊബൈൽ ആപ്ലിക്കേഷനായ പോൽആപ്പിൽ രജിസ്റ്റർ ചെയ്യുകയോ വേണം. അത്തരം വീടുകളുടെ പരിസരങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. നാലാമോണ നാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളിക്ക് വിപുലമായ സുരക്ഷക്രമീകരണം ഏർപ്പെടുത്തും. എല്ലാ എസ്.എച്ച്.ഒമാരുടെയും ഔദ്യോഗിക മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും സിറ്റി പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 2424193. എമർജൻസി ടെലിഫോൺ നമ്പർ: 112.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

