തൃശൂർ: കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. തൃശൂർ കോട്ടപ്പുറം രാഗമാലികാപുരത്തെ ഗ്രീൻ ഗാർഡൻ അപ്പാർട്ട്മെൻറിലായിരുന്നു താമസം.
പെരിങ്ങോട് കരുമത്തിൽ രാമുണ്ണി നായരുടെയും അയ്യപ്പത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കുന്നംകുളം ചൊവ്വന്നൂരിലാണ് അദ്ദേഹം ജനിച്ചത്. ധനതത്വശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു.
ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാസമാഹാരം), ശ്രീനാരായണഗുരു (ഇംഗ്ലീഷ്), ധർമപദം (തർജമ), മണിയറയിൽ, മണിയറയിലേക്ക് എന്നിവ പ്രധാന കൃതികളാണ്. അന്തരിച്ച കവി ആറ്റൂർ രവിവർമ്മയോടൊപ്പം ചേർന്ന് മാധവൻ അയ്യപ്പത്ത് കമ്പരാമായണം മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ: രമാദേവി. മക്കൾ: ഡോ. സഞ്ജയ് ടി. മേനോൻ (യു.എസ്), മഞ്ജിമ ബബ്ലു (ബംഗളൂരു).