പെരിഞ്ഞനത്തെ നീന്തൽ പരിശീലന കേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കും
text_fieldsമതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പെരിഞ്ഞനത്ത് നിർമിച്ച നീന്തൽക്കുളം
പെരിഞ്ഞനം: മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പെരിഞ്ഞനത്ത് നിർമിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം ഞായറാഴ്ച നാടിന് സമർപ്പിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ നീന്തൽ പരിശീലന കേന്ദ്രങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നീന്തൽ പരിശീലന കേന്ദ്രം നിർമിച്ചിരിക്കുന്നത്.
കയ്പമംഗലം മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന വി.എസ്. സുനിൽകുമാറിന്റെ 2015-16 ആസ്തിവികസന ഫണ്ടിൽനിന്ന് 61.5 ലക്ഷം രൂപ ചെലവഴിച്ചാണ് നീന്തൽ പരിശീലന കേന്ദ്രത്തിന്റെ പ്രാരംഭ ഘട്ടം പൊതുമേഖല സ്ഥാപനമായ സിൽക്ക് പൂർത്തിയാക്കിയത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതി വിഹിതങ്ങൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കി.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 60.9 ലക്ഷം രൂപ ചെലവഴിച്ച് നീന്തൽ പരിശീലന കേന്ദ്രത്തിന് ആധുനിക രീതിയിലുള്ള മേൽക്കൂരയും പരിശീലന കേന്ദ്രത്തിന്റെ ജലസ്രോതസ്സായ കുളം അരികുകെട്ടിയും സ്റ്റീൽ കൈവരികൾ നിർമിച്ചും നവീകരിച്ചു. പരിശീലന കേന്ദ്രത്തിന് ചുറ്റും ടൈൽ വിരിക്കുകയും ഭദ്രമായ ചുറ്റുമതിൽ, അഴുക്കുചാൽ എന്നിവയും നിർമിച്ചിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായി ആകെ 1.23 കോടി രൂപയാണ് ചെലവഴിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ശാസ്ത്രീയമായ നീന്തൽ സ്വായത്തമാക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ പറഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ ഗിരിജ, കെ.എ. ഹസ്ഫൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, ജി.ഇ.ഒ ആട്ലി ഉസ്മാൻ, ക്ലർക്ക് ടി.സി. രഘു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

