പാവറട്ടി: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാവ് തള്ളിവീഴ്ത്തി മാല കവർന്നു. പാവറട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അറക്കൽ വർഗീസിെൻറ ഭാര്യ നിജിയുടെ (41) അഞ്ച് പവൻ മാലയാണ് പൊട്ടിച്ചത്. വീഴ്ചയിൽ യുവതിയുടെ കാൽമുട്ടിനും വലിയുടെ ആഘാതത്തിൽ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
മുണ്ടൂർ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥയായ ഇവർ ജോലി കഴിഞ്ഞ് വരുന്നതിനിടെ ദേവകി സദനം റോഡിലെ വെള്ളായി പറമ്പിലേക്കുള്ള തിരിവിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് പിറകിലൂടെ പൾസർ ബൈക്കിൽ എത്തിയ യുവാവ് നിജിയെ തള്ളിയിടുന്നതോടൊപ്പം മാല പൊട്ടിച്ച് അതിവേഗം ഓടിച്ച് പോകുകയായിരുന്നു.
പാവറട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാവറട്ടി തീർഥകേന്ദ്രത്തിന് തെക്കുഭാഗത്തുള്ള റോഡിലെ ഗാലക്സി ബാക്കറി ഉടമ ഒലക്കേങ്കിൽ ജോണിയുടെ വീട്ടിലെ സി.സി.ടി.വി കാമറയിൽ കറുത്ത ടീ ഷർട്ട് ധരിച്ച് ഹെൽമറ്റ് ധരിച്ച് പൾസർ ബൈക്കിൽ അതിവേഗം പോകുന്ന ദൃശ്യം പരിശോധനയിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.