വയോധികയുടെ കണ്ണ് തകർത്ത മകനെതിരെ കേസ്
text_fieldsപാവറട്ടി: വയോധികയായ അമ്മയുടെ കണ്ണ് ചവിട്ടിത്തകർത്ത മകനെതിരെ പൊലീസ് കേസെടുത്തു. കാക്കശ്ശേരി പുളിഞ്ചേരിപടി പാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരിക്കാണ് (71) മദ്യപിച്ചെത്തിയ മകൻ ബൈജുവിെൻറ (45) മർദനത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച മദ്യപിച്ചെത്തിയ മകൻ വഴക്ക് ആരംഭിച്ചതോടെ മേരി പൊലീസിനെ വിളിച്ചു. ഇതിെൻറ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാവിലെ ഇയാൾ മേരിയെ മർദിക്കുകയും തള്ളി താഴെയിടുകയും മുഖത്ത് ചവിട്ടുകയായിരുന്നു.
കണ്ണിൽ രക്തം തളം കെട്ടി നീര് വെച്ചതിനെ തുടർന്ന് ഉടൻ ബന്ധുക്കൾ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കണ്ണിെൻറ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
ബൈജുവിനെതിരെ പരാതിയുമായി ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പരാതി സ്വീകരിക്കാതെ മടക്കി അയച്ച പൊലീസ് സംഭവം വിവാദമാകുമെന്ന് മനസ്സിലായതോടെ ചൊവ്വാഴ്ച മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.