32 വർഷത്തെ കാത്തിരിപ്പ്: ഒടുവിൽ റോസിക്ക് ഭൂരേഖ ലഭിച്ചു; ആശുപത്രിക്കിടക്കയിൽ
text_fieldsആശുപത്രിയിൽ ചികിത്സയിലുള്ള റോസിക്ക് നാല് സെന്റ് ഭൂമിയുടെ പട്ടയം തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത് കൈമാറുന്നു
വടക്കാഞ്ചേരി: ആശുപത്രി കിടക്കയിൽ രോഗത്തോട് മല്ലടിച്ച് കിടക്കുന്ന വയോധികക്ക് 32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭൂരേഖ കിട്ടി. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന പരേതനായ ജോസിന്റെ ഭാര്യ റോസിക്കാണ് (67) തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത് തൃശൂർ മെഡിക്കൽ കോളജിലെത്തി പട്ടയം കൈമാറിയത്.
തഹസിൽദാറുടെ കൈകൾ പിടിച്ചു നോക്കിയപ്പോൾ ഞാൻ കാണുന്നത് സ്വപ്നമല്ല എന്നറിഞ്ഞ ആ കണ്ണുകളിൽനിന്ന് സന്തോഷക്കണ്ണീർ പൊഴിഞ്ഞു. കൊടുമ്പ് പുനരധിവാസ കോളനിയിൽ നാല് സെൻറ് ഭൂമിയിലാണ് ഇവർ കഴിഞ്ഞിരുന്നത്. നാലു മക്കളിൽ മൂന്ന് പെൺമക്കളെ കെട്ടിച്ചയച്ചു.
മകൻ ജോബിയോടൊപ്പമാണ് ഇപ്പോൾ താമസം. ഭൂമിക്ക് പട്ടയം ലഭിക്കാനായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. ഒടുവിൽ സംസ്ഥാന സർക്കാറിന്റെ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതിയുടെ ഭാഗമായാണ് റോസിക്കും കുടുംബത്തിനും പട്ടയം ലഭിച്ചത്.
ജൂലൈ 15ന് നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, പക്ഷാഘാതവും ഹൃദയാഘാതവും കിഡ്നിരോഗവും ബാധിച്ച് കഴിഞ്ഞ ഒമ്പത് വർഷമായി അസുഖത്തോട് മല്ലടിക്കുകയാണ് റോസി.
ജൂലൈ രണ്ടിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. റോസിയുടെ ആരോഗ്യസ്ഥിതി ദിനംതോറും മോശമായി വരുന്നത് മനസ്സിലാക്കിയാണ് തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത് ആശുപത്രിയിലെത്തി പട്ടയം കൈമാറാൻ തീരുമാനിച്ചത്.
രാജേഷ് മരത്തിനെ കൂടാതെ, ഡെപ്യൂട്ടി തഹസിൽദാർ ജോസ്, എരുമപ്പെട്ടി പഞ്ചായത്ത് കൊടുമ്പ് വാർഡ് മെമ്പർ കെ.ബി. ബബിത, താലൂക്ക് സ്റ്റാഫ് എന്നിവർ പട്ടയം കൈമാറാനായി ആശുപത്രിയിൽ എത്തിയിരുന്നു. വടക്കാഞ്ചേരിയിൽനിന്ന് എനിക്ക് സ്ഥലം മാറ്റം ലഭിച്ചു. അതിനു മുമ്പ് ഈ അമ്മയുടെ കണ്ണുനീർ എന്നും ഞാൻ കാണാറുണ്ടായിരുന്നു. തുടർന്നാണ് ആശുത്രിയിലെത്തിച്ച് ഈ രേഖ കൈമാറിയതെന്ന് തലപ്പള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

