മാടക്കത്തറയിലെ 75 കുടുംബങ്ങൾക്ക് പട്ടയം; സംയുക്ത പരിശോധന നടത്തും
text_fieldsമാടക്കത്തറയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ
മന്ത്രി കെ. രാജൻ സംസാരിക്കുന്നു
തൃശൂർ: താലൂക്കിലെ മാടക്കത്തറ വില്ലേജിൽ 75 കുടുംബങ്ങൾ 50 വർഷത്തിലേറെയായി താമസിക്കുന്ന ഭൂമിയിൽ പട്ടയം നൽകുന്നതിന് നടപടി വേഗത്തിലാക്കാൻ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
രേഖകളിൽ ‘റോഡ് പുറമ്പോക്ക്’ എന്ന് രേഖപ്പെടുത്തിയതാണ് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിൽ തടസ്സം. പ്രശ്നം പരിഹരിക്കാൻ സർവേ, റവന്യൂ വകുപ്പുകളിലെ രേഖകൾ അടിയന്തരമായി പരിശോധിച്ച് നിജസ്ഥിതി കണ്ടെത്താൻ മന്ത്രി നിർദേശം നൽകി.
റോഡിൽനിന്ന് ഏറെ മാറി സ്ഥിതി ചെയ്യുന്ന ഭൂമി റോഡ് പുറമ്പോക്കായി രേഖകളിൽ വന്നത് എങ്ങനെയെന്ന് പരിശോധിക്കണം. പഴയ രേഖകളിൽ റോഡ് പുറമ്പോക്ക് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ പൊതുമരാമത്ത് വകുപ്പിൽനിന്ന് ആവശ്യമായ അനുമതി നേടി കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണം. ഇതിന്റെ മുന്നോടിയായി റവന്യൂ, സർവേ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഒക്ടേബാർ 18നകം സ്ഥലം സന്ദർശിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി നിർദേശിച്ചു. സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ല പഞ്ചായത്ത, അംഗം പി.എസ്. വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സുരേഷ് ബാബു, എ.ഡി.എം ടി. മുരളി, ഡെപ്യൂട്ടി കലക്ടർ പി.എ. വിഭൂഷണൻ, തഹസിൽദാർ ടി. ജയശ്രീ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സി. എൻജിനീയർ എസ്. ഹരീഷ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ഷാലി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

