പാലിയേക്കര ടോൾ പിരിവ്; കേസ് നാളെ ഹൈകോടതിയിൽ
text_fieldsതൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ റോഡിന്റെ മോശം അവസ്ഥയും ഗതാഗതക്കുരുക്കും സംബന്ധിച്ച കേസ് ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. ആഗസ്റ്റ് ആറിന് പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തിവെച്ച വിധി സംബന്ധിച്ച പരിശോധനയാണ് പ്രധാനമായും നടക്കുക. സുപ്രീംകോടതിയും ടോൾ പിരിവ് നിർത്തിവെച്ചത് ശരിവെക്കുകയും ഹൈകോടതി ഡിവിഷൻ ബെഞ്ചിനോട് മേൽനോട്ട ചുമതല നിർവഹിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ജില്ല കലക്ടറുടെ നേതൃത്വത്തിൽ ദേശീയപാത പരിശോധിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് പരിശോധന നടന്നപ്പോൾ കലക്ടറും എസ്.പിയും അടങ്ങുന്ന സംഘം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയും ചെയ്തിരുന്നു. സർവിസ് റോഡ് ഗതാഗതയോഗ്യമാക്കൽ, സൂചന ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ല. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജികളിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ടോൾ പിരിവ് നിർത്തിവെപ്പിച്ചത്.
എങ്ങുമെത്താതെ ആമ്പല്ലൂരിലെ അടിപ്പാത നിർമാണം
ആമ്പല്ലൂർ: പൊട്ടിപ്പൊളിഞ്ഞും തകർന്നും ദേശീയപാത ആമ്പല്ലൂരിലെ സർവിസ് റോഡുകൾ. ഇവിടെ അടിപ്പാത നിർമാണം തുടങ്ങിയത് മുതലാണ് റോഡുകളുടെ ശോച്യാവസ്ഥ രൂക്ഷമായത്. സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന 11 ബ്ലാക്ക് സ്പോട്ടുകളിൽ അഞ്ചിടത്ത് പരിഹാര നടപടികൾ കമ്പനി ചെയ്ത് തുടങ്ങിയിട്ടുണ്ടെങ്കിലും നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷൻ, പുതുക്കാട്, കൊടകര, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
ദേശീയപാത ആമ്പല്ലൂരിൽ നിർമാണം പൂർത്തിയാവാത്ത അടിപ്പാതയും സർവിസ് റോഡും
30 തീവ്ര അപകട സാധ്യത കവലകളിലും അപകട സാധ്യതയുള്ള 20 ജങ്ഷനുകളിലും ഇതുതന്നെയാണ് സ്ഥിതി. നിരന്തരം അപകടങ്ങളുണ്ടാകുന്ന പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുപോലും സുരക്ഷ സംവിധാനമൊരുക്കാത്തത് ഗുരുതരവീഴ്ചയാണ്. 2022 നവംബറിൽ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോർട്ടിൽ 11 ബ്ലാക്ക് സ്പോർട്ടുൾപ്പെടെ 50 കവലകളിൽ മേൽപാലങ്ങൾ, അടിപ്പാതകൾ, യു ടേൺ ട്രാക്കുകൾ, സൈൻ ബോർഡുകൾ തുടങ്ങിയവയാണ് പരിഹാരമായി നിർദേശിച്ചിട്ടുള്ളത്.
എന്നാൽ, നടപടികളൊന്നുമുണ്ടായില്ല. സർവിസ് റോഡുകളുടെ സ്ഥിതിയും ഇതു തന്നെ. കരാർ ലംഘനത്തിന്റെ പേരിൽ 2243.53 കോടി കരാർ കമ്പനിക്ക് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട അർബിട്രേഷനൽ ട്രിബ്യൂണൽ നിലവിലുള്ള കേസിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവായത് കമ്പനിയെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തലാണെന്ന് ആക്ഷേപമുണ്ട്. കോടതി ഉത്തരവു പ്രകാരം നിലവിൽ പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, ഈ മാസം ഒന്നു മുതൽ കരാർ കമ്പനി ടോൾ നിരക്ക് ഉയർത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

