ചട്ടലംഘനം ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; കൗൺസിൽ യോഗം വിളിച്ച് മേയർ
text_fieldsതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ അജണ്ടകൾ പാസാക്കാൻ തൃശൂർ കോർപറേഷനിൽ യോഗം വിളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കസേര ചേംബറിലെ മേശക്ക് മുകളിൽവെച്ച് പ്രതിഷേധിക്കുന്നു z ടി.എച്ച്. ജദീർ
തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മേയർ വിളിച്ച കൗൺസിൽ യോഗം ചട്ടലംഘനമാണ് എന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. മുദ്രാവാക്യ വിളികളോടെ മേയർ എം.കെ. വർഗീസിന്റെ കസേര ചേംബറിലെ ടേബിളിന് മുകളിലും പിന്നീട് നടുക്കളത്തിലും എടുത്തുവെച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന യോഗം തുടങ്ങുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിലെത്തിയ കോൺഗ്രസ് അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി മുദ്രാവാക്യം വിളിച്ചു.
11ന് യോഗം ആരംഭിക്കാനിരിക്കെ, മേയർ എത്തിയാൽ കസേരയിൽ ഇരിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. തുടർന്ന് മേയറുടെ കസേര ടേബിളിന് മുകളിൽ കയറ്റിവെച്ചു. പിന്നീട് കസേരയുമായി നടുക്കളത്തിലിറങ്ങിയ അംഗങ്ങൾ, അതിൽ മേയറുടെ നെയിം ബോർഡും കറുത്ത തുണിയുംവെച്ച് ചുറ്റും ഇരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം കനത്തതോടെ യോഗം മാറ്റിവെച്ചതായി മേയർ അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ട്, പോകുന്ന പോക്കിൽ കടുംവെട്ട് വെട്ടി പോകാനാണ് സി.പി.എമ്മും മേയറും ശ്രമിക്കുന്നതെന്നും, മേയർ നേരത്തേ നൽകിയ മുൻകൂർ അനുമതികൾ പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കത്തിൽ പാസാക്കിയെടുക്കാനുള്ള നീക്കവുമാണ് അടിയന്തര യോഗത്തിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിച്ചു. ഒന്നു മുതൽ 35 വരെ അജണ്ടകൾക്കാണ് മേയർ ഇത്തരത്തിൽ മുൻകൂർ അനുമതി നൽകിയത്.
ടാഗോർ ഹാളിന് ചുറ്റുമതിൽ കെട്ടാൻ 65 ലക്ഷം വകയിരുത്തുക, കോർപറേഷനിൽ താൽകാലിക നിയമനങ്ങൾ അനുവദിക്കുക, ലക്ഷക്കണക്കിന് രൂപ വക്കീൽ ഫീസ് നൽകുക തുടങ്ങിയവയായിരുന്നു അജണ്ടകൾ. കൂടാതെ, കൗൺസിൽ അറിയാതെ ബിനി ടൂറിസ്റ്റ് ഹോമിന് പത്തു വർഷത്തേക്ക് പ്രവർത്തന അനുമതി നീട്ടിനൽകിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സിൽ അജണ്ടയിലില്ലാത്ത വിഷയങ്ങൾ തിരുകിക്കയറ്റി വൻ അഴിമതിയാണ് നടക്കുന്നതെന്നും എൽ.ഡി.എഫ് ഇതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗം നിയമവിരുദ്ധമല്ലെങ്കിൽ പിന്നെന്തിനാണ് മാറ്റിവെച്ചതെന്ന് മേയറും സി.പി.എമ്മും ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് കമീഷനെ നോക്കുകുത്തിയാക്കിയാണ് മേയറും സെക്രട്ടറിയും ചേർന്ന് യോഗം വിളിച്ചതെന്ന് കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. കൃത്യവിലോപത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചുവർഷം ഇടത് പിന്തുണയോടെ ഭരിച്ച മേയർ എം.കെ. വർഗീസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിന്നത് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാരായ ജോൺ ഡാനിയൽ, ശ്രീലാൽ ശ്രീധർ, കെ. രാമനാഥൻ, വിനേഷ് തയ്യിൽ, എബി വർഗീസ്, റെജി ജോയ്, രെന്യ ബൈജു, ആൻസി ജേക്കബ്, ശ്യാമള മുരളിധരൻ, സുനിത വിനു, ജയപ്രകാശ് പൂവ്വത്തിങ്കൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

