‘ഓപറേഷൻ ലൈഫ്’: പ്രവർത്തനം നിർത്താൻ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തുന്നു
തൃശൂർ: മഴക്കാല രോഗങ്ങളും ഭക്ഷ്യവിഷബാധയും തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷ വകുപ്പ് 247 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 11 സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്താൻ നോട്ടീസ് നല്കി. 65 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നോട്ടീസും നല്കി. പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കാൻ 65 സാമ്പിളുകള്‍ ശേഖരിച്ചു.
തൃശൂർ ശക്തന് സ്റ്റാൻഡിലെ റസ്റ്റാറന്റ്, ശക്തന് സ്റ്റാൻഡ് പരിസരത്തെ തട്ടുകട, ടി.ഡബ്ല്യു.സി.സി.എസ് ബില്‍ഡിങ്ങിലെ റസ്റ്റാറന്റ്, ചാവക്കാട്ടെ ചായക്കട, റസ്റ്റാറന്റ്, ഗുരുവായൂര്‍ തൈക്കാട്ടെ ബേക്കറി, കുന്നംകുളത്തെ വെജിറ്റബിള്‍സ് കട, ഇരിങ്ങാലക്കുടയിലെ കഫേ, ടീ ഷോപ്പ്, അരിമ്പൂരിലെ ബേക്കറി, ഹോട്ടല്‍ എന്നീ സ്ഥാപനങ്ങൾക്കാണ് പ്രവര്‍ത്തനം നിര്‍ത്താൻ നോട്ടീസ് നൽകിയത്.
ഫുഡ് സേഫ്റ്റി ലൈസന്‍സ്, ഭക്ഷണം കൈകാര്യംചെയ്യുന്ന വ്യക്തികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ലാതെയും ഗുരുതര ശുചിത്വമില്ലാത്ത സാഹചര്യത്തിലും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കാണ് ന്യൂനതകള്‍ പരിഹരിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്താൻ നോട്ടീസ് നല്‍കിയത്.

