ഓപറേഷൻ സൈ ഹണ്ട്: 27 പേർ പിടിയിൽ
text_fieldsതൃശൂർ/ ഇരിങ്ങാലക്കുട: സൈബർ തട്ടിപ്പുകൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ നടന്ന ഓപറേഷൻ സൈ ഹണ്ടിൽ തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 13 പേരെയും റൂറൽ പൊലീസ് പരിധിയിൽ 14 പേരെയും അറസ്റ്റ് ചെയ്തു. സിറ്റി പരിധിയിൽ 27ഉം റൂറലിൽ 22ഉം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. സിറ്റി പൊലീസ് ഒമ്പത് പേരെ റിമാൻഡ് ചെയ്യുകയും നാല് പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതായി കമീഷണർ നകുൽ ദേശ്മുഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സിറ്റി പരിധിയിൽ പത്തും റൂറലിൽ 20 കേസുമാണ് രജിസ്റ്റർ ചെയ്തത്. റൂറലിൽ ആറ് പേർക്ക് നോട്ടീസ് നൽകിയായി റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൈബർ തട്ടിപ്പുകാർക്ക് ഉപയോഗിക്കാനായി അക്കൗണ്ട് നൽകിയവരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. സിറ്റി പരിധിയിൽ അറസ്റ്റിലായവരിൽ ഒരാൾ നിരവധി കേസുകളിലെ പ്രതിയുമാണ്. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
5,000 രൂപയോ 10,000 രൂപയോ വാങ്ങി തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും കൈമാറ്റം ചെയ്തവരും ഏജന്റുമാരുമാണ് പ്രധാനമായും അറസ്റ്റിലായത്. വാടകക്കെടുത്ത (മ്യൂൾ) അക്കൗണ്ടുകളിലൂടെ ചെക്കും എ.ടി.എമ്മും അടക്കം ഉപയോഗിച്ചായിരുന്നു പണം പിൻവലിച്ചത്. രണ്ട് ദിവസത്തിനിടെ ഒരു കോടി രൂപ വരെ പിൻവലിക്കപ്പെട്ട അക്കൗണ്ടുകളുണ്ടെന്ന് നകുൽ ദേശ്മുഖ് പറഞ്ഞു.
കേരളത്തിന് പുറത്തുള്ളവരുടെ പണം നഷ്ടപ്പെട്ട കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഷെയർ ട്രേഡിങിന്റെയും മറ്റും പേരിൽ വൻ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഫോൺ കോൾ, വാട്സ്ആപ്പ് സന്ദേശം, ടെലിഗ്രാം ഗ്രൂപ്പ് എന്നിവയൊക്കെയാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. അക്കൗണ്ടുകൾ സ്വന്തമാക്കുന്നതിന് 50- 60 പ്രായപരിധിയിലുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും യുവാക്കളും ഏജന്റുമാരുടെ വലയിൽ വീണിട്ടുണ്ടെന്നും നകുൽ ദേശ്മുഖ് പറഞ്ഞു. തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായവർ. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, റൂറൽ ജില്ല പരിധിയിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്.
സിറ്റിയിൽ 15ഉം റൂറലിൽ 23ഉം മൊബൈൽ പിടിച്ചെടുത്തു.
തൃശൂർ: ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി തൃശൂർ സിറ്റിയിലും റൂറലിലും നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ചെക്ക് ബുക്കുകളും ലാപ്ടോപ്പും അടക്കം പിടിച്ചെടുത്തു. തൃശൂർ റൂറലിൽ 23 മൊബൈൽ ഫോൺ, എട്ട് ചെക്ക് ബുക്ക്, 13 പാസ് ബുക്ക്, ഒരു ലാപ്ടോപ്, അഞ്ച് എ.ടി.എം കാർഡ്, ഏഴ് ആധാർ കാർഡ്, മൂന്ന് പാൻ കാർഡ് എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.
സിറ്റി പരിധിയിൽ പരിശോധനകളിൽ 15 മൊബൈൽ ഫോൺ, രണ്ട് സിം കാർഡ്, എട്ട് ചെക്ക് ബുക്ക്, രണ്ട് ചെക്ക് ലീഫ്, എട്ട് പാസ് ബുക്ക്, ആറ് എ.ടി.എം കാർഡ് എന്നിവ കസ്റ്റഡിയിൽ എടുത്തു. സിറ്റി പരിധിയിൽ 18 സംഘങ്ങളാണ് പരിശോധന നടത്തിയത്. തൃശൂർ റൂറൽ പൊലീസ് ജില്ലയിൽ 100 പൊലീസുദ്യോഗസ്ഥർ 18 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 36 പേരെയാണ് പരിശോധിച്ചത്.
പിടിയിലായത് മ്യൂൾ അക്കൗണ്ട് ഉടമകൾ
തൃശൂർ: സിറ്റി, റൂറൽ പൊലീസ് പരിധികളിൽ നടന്ന ഓപറേഷൻ സൈ ഹൈണ്ടിൽ പിടിയിലായവരിൽ ഭൂരിഭാഗം പേരും മ്യൂൾ അക്കൗണ്ട് ഉടമകളും ചെക്കും എ.ടി.എം കാർഡും ഉപയോഗിച്ച് പണം പിൻവലിച്ച് നൽകിയവരും. ഇവർ പിൻവലിച്ച പണം കൈമാറിയവരെ പറ്റി അന്വേഷണം നടക്കുകയാണ്. ട്രേഡിങ്, ഫെഡ്എക്സ്, ഓൺലൈൻ േജാലി എന്നിങ്ങനെ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാർ കേരളത്തിനു പുറത്തുനിന്നും കേരളത്തിലെ അക്കൗണ്ടിലൂടെ പണം പിൻവലിക്കുകയാണ് ചെയ്തുവരുന്നത്. പരാതിക്കാരിൽ അധികവും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരായതിനാൽ വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
റൂറലിൽ കൂടുതൽ അറസ്റ്റ് വെള്ളികുളങ്ങരയിൽ
ഇരിങ്ങാലക്കുട: ഓപറേഷൻ സൈ ഹണ്ടിൽ തൃശൂർ റൂറൽ പരിധിയിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് വെള്ളികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ. എട്ട് കേസുകളിലായി ഏഴ് അറസ്റ്റാണ് ഇവിടെ രേഖപ്പെടുത്തിയത്. ചാലക്കുടിയിൽ മൂന്ന് കേസിൽ മൂന്ന് അറസ്റ്റും കൊടുങ്ങല്ലൂരിൽ രണ്ട് കേസിൽ രണ്ട് അറസ്റ്റും വലപ്പാട്, കൊടകര സ്റ്റേഷനുകളിൽ രണ്ട് കേസുകളിൽ വീതം ഓരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്. വലപ്പാട്, കൊടകര, മതിലകം, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഓരോ കേസുകളിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറ് പേർക്കാണ് നോട്ടീസ് നൽകിയത്.
69 ലക്ഷം രൂപയുടെ സംശയാസ്പദ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. മറ്റത്തൂർ ചെമ്പൂച്ചിറ സ്വദേശികളായ ദിബീഷ് (38), സുജിത്ത് (38), സനൂപ് (34), ചെട്ടിച്ചാൽ സ്വദേശി നിമീഷ് (31), നാടിപ്പാറ സ്വദേശി രാഹുൽ (27), ഇത്തുപ്പാടം സ്വദേശി വിനീത് (34), പുത്തനൊളി സ്വദേശി സനൽ (32) എന്നിവരാണ് വെള്ളികുളങ്ങര സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്. ചാലക്കുടിയിൽ കലിക്കൽ സ്വദേശി അശ്വിൻ (20), കോടശ്ശേരി സ്വദേശികളായ വിഷ്ണു സോമൻ (31), ദീപക് (43) എന്നിവരും കൊടുങ്ങല്ലൂരിൽ അഴീക്കോട് പുത്തൻ പള്ളി സ്വദേശി അസറുദ്ദീൻ (31), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് നിഷാദ് (24) എന്നിവരും അറസ്റ്റിലായി. തളിക്കുളം സ്വദേശി നിഖിൽ (34), മനകുളങ്ങര സ്വദേശി അരുൺ (31) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
തട്ടിപ്പിനിരയായാൽ ഉടൻ ബന്ധപ്പെടാം 1930ൽ
തൃശൂർ: പല രീതിയിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് പൊലീസ്. തട്ടിപ്പുകളിൽ നിന്ന് പരമാവധി അകന്നുനിൽക്കുന്നിതൊപ്പം ഇരയായാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടനടി 1930 എന്ന നമ്പറിൽ അറിയിക്കണം. എത്രയും പെട്ടെന്ന് അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ പണം ഹോൾഡ് ചെയ്യാനും, അക്കൗണ്ട് ഫ്രീസ് ചെയ്യാനും സാധിക്കും. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ (എൻ.സി.ആർ.പി) www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. പ്രതിമാസം 12ഉം 14ഉം ശതമാനം ലാഭം വാഗ്ദാനം ചെയ്തുള്ള ഷെയർ ട്രേഡിങ് അടക്കമുള്ളവയിൽനിന്ന് വിട്ടുനിൽക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

