ഡോക്ടറെ സ്ഥലം മാറ്റിയിട്ട് രണ്ടാഴ്ച; മെഡിക്കൽ കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ പുനരാരംഭിച്ചില്ല
text_fieldsമുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ രണ്ടുമാസത്തിലധികമായി മുടങ്ങിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ പുനരാരംഭിച്ചില്ല. സാങ്കേതിക വിദഗ്ധരെക്കുറിച്ച് പരാതി പറഞ്ഞ ഡോക്ടറെ ആലപ്പുഴയിലേക്കും ആലപ്പുഴയിലെ കാർഡിയോ തൊറാസിക് സർജനെ തൃശൂരിലേക്കും സ്ഥലം മാറ്റി ഉത്തരവിറങ്ങിയിട്ട് രണ്ടാഴ്ചയോളമായിട്ടും ശസ്ത്രക്രിയ പുനരാരംഭിക്കുന്നതിൽ തീരുമാനമായില്ല. സ്ഥലം മാറ്റപ്പെട്ട കാർഡിയോ തൊറാസിക് സർജൻ ചുമതല ഏറ്റെടുത്ത് ദിവസങ്ങളായിട്ടും ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയായിട്ടില്ല.
ഓപറേഷൻ തിയറ്ററുകൾ അണുവിമുക്തമാക്കൽ, ജീവനക്കാർക്ക് നിർദേശങ്ങൾ നൽകൽ, ശസ്ത്രക്രിയകൾക്ക് ഊഴം കാത്തുനിൽക്കുന്നവരുടെ ലിസ്റ്റ് പരിശോധിക്കൽ, അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടവരുടെ ലിസ്റ്റ് തയാറാക്കൽ എന്നിവക്ക് സമയമെടുക്കുമെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. ശസ്ത്രക്രിയ മുടങ്ങിയ സംഭവം വലിയ വാർത്തയായതും പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലം മാറ്റി പുതിയ ഡോക്ടർ ചുമതലയേറ്റതും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടക്കുമ്പോൾ പ്രവർത്തനം നിയന്ത്രിക്കുന്ന പെർഫ്യൂഷനലിസ്റ്റുകളുടെ കാര്യക്ഷമത കുറവ് ചൂണ്ടികാട്ടിയാണ് ശസ്തക്രിയകൾ നിർത്തിയത്. എന്നാൽ, പരിശോധന നടത്തിയ സംഘം ഇവർക്കെതിരായി റിപ്പോർട്ട് നൽകിയിട്ടില്ല. ഈ തസ്തികക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇവർക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 50 ലധികം പേരാണ് അടിയന്തര ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്. ഇവരിൽ കൂടുതൽ അത്യാവശ്യമുള്ളവർക്ക് അടിയന്തരമായി ശസ്ത്രക്രിയക്ക് ഊഴം കൊടുക്കുമെന്നാണ് അറിയുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഹൃദയ ശസ്ത്രക്രിയകളുടെ സമയം. രണ്ട് ഹൃദയ ശസ്ത്രക്രിയകളാണ് ആഴ്ചയിൽ നടത്തുക.
നിലവിൽ 50 ലധികം പേരാണ് ശസ്ത്രക്രിയ കാത്തുകഴിയുന്നത്. നിലവിലെ അവസ്ഥയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂചന. ആഴ്ചയിൽ രണ്ട് ശസ്ത്രക്രിയ വീതം നടന്നാൽ എട്ട് മാസമെങ്കിലും ഇപ്പോഴുള്ള രോഗികൾക്ക് മാത്രം വേണ്ടി വരും. രണ്ട് മാസത്തിനിടെ പത്തിലധികം രോഗികളുടെ ശസ്ത്രക്രിയയാണ് മുടങ്ങിയത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിരവധി പേരാണ് ഈ വിഭാഗത്തിലെ ചികിത്സ തേടുന്നത്. പാവപ്പെട്ട ഇവരാണ് ബുദ്ധിമുട്ടിലായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

