ലോക കപ്പിൽ ഓരോ ഗോളിനും ഓരോ മരം; ഇരിങ്ങാലക്കുടയുടെ സ്വന്തം പ്ലാവച്ചന്
text_fieldsഇരിങ്ങാലക്കുട: ഇത്തവണ ലോക കപ്പ് ആവേശത്തിരയില്‍ ഓരോ ഗോളുകള്‍ പിറക്കുമ്പോഴും ഇങ്ങ് ഇരിങ്ങാലക്കുടയില്‍ ഓരോ ഫലവൃക്ഷ തൈകള്‍ നടാനൊരുങ്ങുകയാണ് ഇരിങ്ങാലക്കുടയുടെ സ്വന്തം പ്ലാവച്ചന് എന്നറിയപ്പെടുന്ന ഫാ. ജോയ് പീനിക്ക പറമ്പില്‍. ഡെനന്‍ റെഡ് ജാക്ക് ഫ്രൂട്ട് എന്ന ഇനം ചുവന്ന ചുളയുള്ള ചക്കയുണ്ടാകുന്ന പ്ലാവിന്റെ തൈകള്‍ ആയിരം എണ്ണവും കൊളമ്പ് മാവിന്റെ തൈകള്‍ ആയിരം എണ്ണവും ഫാ. ജോയ് ക്രൈസ്റ്റ് ആശ്രമ ദേവാലയ പരിസരത്തായി ലോകകപ്പ് കളിക്കുന്ന വിവിധ രാജ്യങ്ങളുടെ പതാകകള്‍ സഹിതം ഒരുക്കിക്കഴിഞ്ഞു. 2010 ലെ ഫുട്ബാള്‍ ലോകകപ്പ് മുതല്‍ ആരംഭിച്ചതാണ് ഫാ. ജോയ് പീനിക്ക പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഒരു ഗോള്‍ ഒരു മരം പദ്ധതി.
ഫുട്ബാള്‍ ലോകകപ്പ് നടക്കുമ്പോള്‍ കോടിക്കണക്കിന് രൂപ ഫ്ലക്സ് അടിക്കാനായി ചിലവിടുമ്പോള്‍ കായിക അധ്യാപകന് കൂടിയായ ഫാ. ജോയ് മാറി ചിന്തിക്കുകയായിരുന്നു. ഗോളടിക്കുന്ന കളിക്കാരുടെ പേരില്‍ ഓരോ മരങ്ങള്‍ നടുക എന്ന പദ്ധതിക്കാണ് അദ്ദേഹം രൂപം നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ 146 ഗോളുകള്‍ പിറന്നപ്പോള്‍ ഒരു ഗോളിന് 10 മരം എന്ന നിലയില്‍ 1500 ഓളം മരങ്ങളാണ് ഇരിങ്ങാലക്കുടയിലെ എന്‍.എസ്.എസ്, എന്‍.സി.സി സംഘടനകളുടെ നേതൃത്വത്തില്‍ അദ്ദേഹം നട്ടത്. 2014 ൽ അന്യംനിന്ന് പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ 480 ഓളം മാവിന് തൈകളാണ് നട്ടുപിടിപ്പിച്ചത്. 2018 ലെ റഷ്യന്‍ ലോക കപ്പിന്റെ ഭാഗമായി പിറന്ന 169 ഗോളുകളുടെ ഓര്‍മക്കായി 1600 ഓളം മാവുകളും 2022 ലെ ഖത്തര്‍ ലോക കപ്പിന്റെ ഭാഗമായി 172 ഗോളുകള്‍ പിറന്നപ്പോള്‍ 250 ഓളം വിയറ്റ്നാം പ്ലാവിന് തൈകളുമാണ് വിതരണം ചെയ്തത്. മാവച്ചന്‍, പ്ലാവച്ചന് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ജോയ് പീനിക്ക പറമ്പില്‍ ഇതിനകം 28000 ത്തോളം മരങ്ങള്‍ നട്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

