കടന്നൽ ആക്രമണം: 14 വിദ്യാർഥികൾക്ക് പരിക്ക്
text_fieldsഒല്ലൂർ: വടംവലി പരിശീലനത്തിനെത്തിയ വിദ്യാർഥികൾക്ക് നേരെ കടന്നൽ ആക്രമണം. 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം.
കുട്ടനെല്ലൂർ ഗവ. കോളജ് കാമ്പസിൽ ജില്ല വടംവലി അസോസിയേഷന് കീഴിൽ വടംവലി പരിശീലനം നടത്തിക്കൊണ്ടിരുന്ന ജില്ലയിലെ വിവിധ സ്കൂളുകളിലെ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ 14 പേർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വേലൂപ്പാടം പള്ളിക്കുന്ന് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി വെണ്ടൂർ എടക്കളത്തൂർ ജോയുടെ മകൻ ഇമ്മാനുവൽ (16) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സ തേടി.
കാമ്പസിനടുത്തുള്ള മുളങ്കാട്ടിൽനിന്നാണ് കടന്നൽ ഇളകിയെത്തിയെന്നാണ് കരുതുന്നത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ കടന്നൽ അല്ല തേനീച്ചയാന്നെന്നും സംശയം പറഞ്ഞു. വൈകീട്ട് പ്രദേശത്ത് അഞ്ച് വയസ്സുകാരനും കുത്തേറ്റിട്ടുണ്ട്. ഇവയുടെ കൂട് കണ്ടെത്തി നശിപ്പിക്കാൻ ഫോറസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടതായി ഒല്ലൂർ പൊലീസ് അറിയിച്ചു.