സാധാരണക്കാരന്റെ അപേക്ഷകളിൽ പൊലീസ് മുറ ചോദ്യങ്ങൾ വേണ്ട -മന്ത്രി കെ. രാജൻ
text_fieldsതൃശൂർ താലൂക്ക് പരിധിയിലെ പട്ടയ വിതരണം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു
ഒല്ലൂർ: സാധാരണക്കാരൻ അപേക്ഷകളുമായി വരുമ്പോൾ അവരെ പൊലീസ് മുറയിൽ ചോദ്യങ്ങൾ ഉയർത്തി ബുദ്ധിമുട്ടിക്കുന്ന പ്രവണത വില്ലേജ് ഓഫിസുകളിൽ ഉണ്ടാകരുതെന്ന് മന്ത്രി കെ. രാജൻ. മാന്ദാമംഗലം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെയും പട്ടയ വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വില്ലേജ് ഓഫിസിൽനിന്നുള്ള രേഖകൾ സാധാരണക്കാർക്ക് പെട്ടെന്ന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് ഒഫിസുകൾ കമ്പ്യൂട്ടർവത്കരിക്കുന്നത്. ഭാവിയിൽ അപേക്ഷ സമർപ്പിക്കാൻ സേവന കേന്ദ്രങ്ങളിലേക്ക് ജനങ്ങൾക്ക് പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ താലൂക്ക് പരിധിയിൽനിന്നുള്ള 369 പേർക്ക് വനഭൂമി പട്ടയം വിതരണം ചെയ്തു. പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. അശ്വതി അധ്യക്ഷത വഹിച്ചു. കലക്ടർ ഹരിത വി. കുമാർ, തഹസിൽദാർ ടി. ജയശ്രീ, പി.എസ്. മുരളീധരൻ, മുഹമ്മദ് ഷഫിക്ക്, എ.എം. സതീദേവി, എം. സന്ദീപ് എന്നിവർ സംസാരിച്ചു. കാർഷിക സർവകലാശാലയിലെ തർക്കങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം പരിപാടി ബഹിഷ്കരിച്ചു.