ഒല്ലൂര്‍ ജങ്ഷൻ വികസനം; നഷ്ടപരിഹാരം ഉടന്‍. പുനരധിവാസം തീരുമാനമായില്ല
text_fieldsഒല്ലൂര്‍ ജങ്ഷന്
ഒല്ലൂര്‍: ഒല്ലൂര്‍ ജങ്ഷന് വികസനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ഥലം എറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി നഷ്ടപരിഹാരം നല്‍കാനുള്ള തുക എല്‍.എ ഡെപ്യുട്ടി കലക്ടര്‍ക്ക് കൈമാറിയതായി മന്ത്രി കെ. രാജന് അറിയിച്ചു. 54.10 കോടി രൂപയാണ് സ്പെഷല്‍ ഓഫിസറുടെ അക്കൗണ്ടിലെക്ക് മാറ്റിയത്. സ്ഥലഉടമകള്‍ ബന്ധപ്പെട്ട രേഖകള്‍ നല്കുന്നതനുസരിച്ച് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷടപരിഹാരം നല്കിത്തുടങ്ങും. വികസനത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങല്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഭുമിയുടെ വിലക്ക് പുറമെ സ്ഥാപന ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്. 212 പേരുടെ പട്ടികയാണ് നിലവില്‍ തയാറാക്കിയത്. ഇവര്‍ക്കും മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
എടക്കുന്നി വില്ലേജില്‍പ്പെട്ട 85.64 ആര് വിസ്ഥിർണത്തിലുള്ള ഭൂമിയാണ് വികസനത്തിനായി ഉപയോഗപ്പെടുത്തുക. ഇതില്‍ പുറംപോക്ക് ഭുമിയും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ കിഫ്ബിയില്‍നിന്ന് റോഡ് വികസനത്തിനുള്ള ഫണ്ട് കൂടി ലഭിക്കുന്നതോടെ 66.82 കോടി രൂപയാണ് വികസനത്തിന്റെ ഭാഗമായി ചെലവഴിക്കുക. പണം നല്കുന്നതനുസരിച്ച് സ്ഥലം എറ്റെടുത്ത് നിർമിതികള്‍ പൊളിക്കുന്നത് ഉല്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
പുനരധിവസിപ്പിക്കാതെ പൊളിക്കാന്‍ അനുവദിക്കില്ല -വ്യാപാരികള്‍
ഒല്ലൂര്‍: ഒല്ലൂര്‍ സെന്റര്‍ വികസനത്തിന് വ്യാപാരികള്‍ എതിരല്ലെന്നും എന്നാൽ, പുനരധിവാസം സംബന്ധിച്ച വ്യക്തമായ ഉറപ്പ് ലഭിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്നും വ്യാപാരി സംഘടനകള്‍ വ്യക്തമാക്കി. കഴിഞ്ഞ കോര്പറേഷന് ഭരണസമിതി ഇത് സംബന്ധിച്ച വ്യക്തമായ മറുപടിയില്ലാതെയാണ് ഇറങ്ങിപ്പോയത്. ഇതേ ആശങ്ക മന്ത്രിയുമായും പങ്കവെച്ചെങ്കിലും കോർപറേഷനാണ് നടപടി എടുക്കേണ്ടതെന്നാണ് മന്ത്രി പറയുന്നത്. നഷ്ടപരിഹാര തുക കൈപ്പറ്റാന്‍ തയാറാണെന്നും വ്യാപാരി സംഘടനകൾ വ്യക്തമാക്കി.
വ്യാപാരികള്‍ക്ക് സൗകര്യം ഒരുക്കും -ഡെപ്യൂട്ടി മേയര്‍
തൃശൂർ: പുതിയ ഭരണസമിതി അവതരിപ്പിച്ച ബജറ്റില്‍ ഒല്ലൂര്‍ വികസനത്തിനും ഷോപ്പിങ് കോപ്ലക്സ് നിർമാണത്തിനുമായി അഞ്ച് കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് കാലതാമസം വരികയാണെങ്കില്‍ വ്യാപാരികളുടെ പുനരധിവാസത്തിന് വേണ്ട നടപടികള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്ത് തിരുമാനിക്കും.
ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പുനരധിവസിപ്പിക്കാന്‍ വേണ്ട സംവിധാനങ്ങളെ കുറിച്ച് വ്യാപാരികളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തി ഉചിത തീരുമാനമെടുക്കുമെന്ന് ഡെപ്യട്ടി മേയര്‍ എ. പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

