ലോറിയിലെ 96 ലക്ഷം കവർന്ന കേസ്: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsവിഷ്ണുരാജ്
ഒല്ലൂർ: കോയമ്പത്തൂരിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷൂമാക്കർ എന്ന് വിളിക്കുന്ന വിഷ്ണുരാജാണ് (36) പിടിയിലായത്.
രണ്ടുവർഷമായി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ തൃശൂർ സിറ്റി ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 2021 മാർച്ച് 22നാണ് സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറി കുട്ടനെല്ലൂരിൽ ‘ഇലക്ഷൻ അർജന്റ്’ എന്ന ബോർഡ് വെച്ച ഇന്നോവ കാറിൽ വന്ന സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
ലോറി ഡ്രൈവറേയും സഹായിയേയും ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ്, ചോദ്യം ചെയ്യാനെന്ന വ്യാജേന ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. കുറച്ചുദൂരം പോയ ശേഷം തിരികെ ലോറിയുടെ അടുത്ത് ഇറക്കി വിട്ടു.
തുടർന്ന് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർന്നതായി അറിയാൻ കഴിഞ്ഞത്. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിഷ്ണുരാജ് കവർച്ച സംഘത്തിന്റെ ഡ്രൈവറാണ്.
സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കോവളത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. കവർച്ച സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാറും കണ്ടെടുത്തു.
ഒല്ലൂർ അസിസ്റ്റന്റ് കമീഷണർ പി.എസ്. സുരേഷിന്റെ നേതൃത്വത്തിൽ ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്, ഒല്ലൂർ എസ്.ഐ കെ.വി. പ്രകാശ്, എ.എസ്.ഐ കെ.കെ. ലാല, ഷാഡോ പൊലീസിലെ എസ്.ഐമാരായ എൻ.ജി. സുവൃത കുമാർ, പി. രാഗേഷ്, എസ്.സി.പി.ഒ ടി.വി. ജീവൻ, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.