ചീരാച്ചിയില്‍ വീട് കുത്തിത്തുറന്ന് മോഷണം: പത്ത് പവന് സ്വർണം നഷ്ടപ്പെട്ടു
text_fieldsഒല്ലൂര്‍: അടച്ചിട്ട വീടിെൻറ വാതില്‍ കുത്തിത്തുറന്ന് മോഷണം. പത്ത് പവന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. തൃശൂര്‍ മഞ്ഞളി ജ്വല്ലേഴ്സ് ഉടമ മഞ്ഞളി ആേൻറായുടെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ വെള്ളിയാഴ്ച മൂന്നാറിലെക്ക് യാത്രപോയി ഞായറാഴ്ച രാവിലെ തിരിച്ചത്തിയപ്പോഴാണ് വിവരം അറിയുന്നത്.
വീടിന് മുന്നിലെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തിക്കിത്തുറന്ന നിലയിലാണ്. വീട്ടിലുള്ള ലോക്കറില്‍ സൂക്ഷിച്ചിരുന്ന പത്ത് പവൻ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് ലോക്കര്‍ തുറന്നാണ് മോഷ്ടാവ് ആഭരണം കവർന്നത്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാവ് പാൻറും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.
തലയില്‍ തലപ്പാവ് പോലെ എന്തോ ധരിച്ചിട്ടുണ്ട്. ഇയാളുടെ ദൃശ്യങ്ങള്‍ വ്യക്തമായി പൊലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ വീട്ടിലെ തൊഴുത്തില്‍നിന്നാണ് കമ്പിപ്പാര എടുത്തിരിക്കുന്നത്. ഒല്ലൂര്‍ പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

