സങ്കടപ്പുഴ; ആറാട്ടുപുഴ മന്ദാരക്കടവ് ദുരന്തത്തിന്റെ ഞെട്ടലിൽ നാട്
text_fieldsഅപകടത്തിൽപെട്ട കാർ കരക്കെത്തിക്കുന്നു
ഒല്ലൂര്‍: എല്ലാ ഒരുക്കവും നടത്തി സന്തോഷത്തോടെ ഇറങ്ങിയത് മരണത്തിന്റെ ആഴത്തിലെക്കാണെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിതുമ്പുകയാണ് സ്നേഹ.
ഏറെ നാളുകള്‍ക്കുശേഷം ജോലിത്തിരക്കുകള്‍ മാറ്റിവെച്ച് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും ബന്ധുക്കളുമായി ഒത്തുകൂടാനും സ്നേഹ, അമ്മാവന് ശശിമേനോന്, അമ്മായി ഹേമ എന്നിവരോടൊപ്പം ബംഗളൂരുവില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച കാർ അപകടമുണ്ടായ സ്ഥലത്തേക്ക് കടന്നപ്പോൾ പുഴയോരത്ത് കണ്ട ആള്‍ക്കൂട്ടം എന്താണെന്ന് സ്നേഹ തിരിച്ചറിഞ്ഞില്ല.
കാര്‍ നിർത്തി പുറത്തിറങ്ങിയതോടെയാണ് അച്ഛന്റെയും മകന് സമർഥിന്റെയും ചേതനയറ്റ ശരീരവുമായി നാട്ടുകാർ വരുന്നത് കണ്ടത്. ആ കാഴ്ച കണ്ടതോടെ അവർ തളർന്നു വീണു. കഴിഞ്ഞ ദിവസങ്ങളില്‍ മുത്തച്ഛനോടൊപ്പം ബംഗളൂരുവിൽ കളിച്ചുതിമിര്ത്തതിന്റെ ബാക്കി കളികള്‍ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു സമർഥ്. പേക്ഷ വിധി കാത്തിരുന്നത് മറ്റൊന്നായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ചൊവ്വാഴ്ച കണിമംഗലത്തെ സന്ധ്യയുടെ സഹോദരി ലതയുടെ വസതിയിൽ കൊണ്ടുവരും. പൊതുദർശനത്തിനുശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിക്കും.
മന്ദാരക്കടവിൽ ഒരു വർഷത്തിനുള്ളിൽ മരിച്ചത് ആറ് പേർ
ചേർപ്പ്: ആറാട്ടുപുഴ മന്ദാരക്കടവിൽ ഒരു വർഷത്തിനുള്ളിൽ മരിച്ചവർ വിദ്യാർഥികളടക്കം ആറ് പേർ. ക്രിക്കറ്റ് കളി കഴിഞ്ഞ് ദേഹത്തു പുരണ്ട ചളി കളയാനായി കടവിലിറങ്ങിയ ആറാട്ടുപുഴ കോളനിയിൽ താമസിക്കുന്നയാൾ കാൽ വഴുതിവീണ് ഒഴുക്കിൽപ്പെട്ട് മരിച്ചതും മുളങ്ങ് സ്വദേശിയായ വിദ്യാർഥി മരിച്ചതും മാസങ്ങൾക്ക് മുമ്പാണ്.
അതിന് ശേഷമാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം. ദുരന്തങ്ങൾ തുടർക്കഥയായിട്ടും മന്ദാരം കടവിനും പ്രദേശത്തിനും സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.