അംഗൻവാടി കോർപറേഷനിൽ; യാത്ര കാട്ടിലൂടെ!
text_fieldsതൃശൂര്‍ കോർപറേഷന് കീഴിലുള്ള 105ാം നമ്പര്‍ അംഗൻവാടി കെട്ടിടം
ഒല്ലൂര്‍: തൃശൂര്‍ കോർപറേഷന് കീഴിലുള്ള 105ാം നമ്പര്‍ അംഗൻവാടിയിലേക്ക് കുട്ടികള്‍ക്ക് എത്തണമെങ്കില്‍ 400 മീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. ക്ഷുദ്രജീവികളുടെ ഉപദ്രവമേൽക്കാതെ എത്തിയാല്‍ ഭാഗ്യം.
ഈ പരീക്ഷണത്തിന് തങ്ങളുടെ കുട്ടികളെ വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് മാതാപിതാക്കള്‍. മഴ മാറിയാല്‍ കുട്ടികളെ എത്തിക്കാമെന്ന് ചിലർ. ഒല്ലൂര്‍ സോണിലെ എടക്കുന്നി 29ാം ഡിവിഷനിലെ വിശേഷമാണിത്.
കോർപറേഷന്റെ ഒല്ലൂര്‍ സോണില്‍ നേരത്തെ മാലിന്യം നിക്ഷേപിക്കുകയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കി പകല്‍വീടും സമീപത്ത് പുതിയ സോണല്‍ ഓഫിസ് സമുച്ചയവും നിർമിക്കുന്നതിന്റെ തൊട്ടുപിറകിലാണ് അംഗൻവാടി.
സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം. ബാക്കി സ്ഥലമെല്ലാം സ്വകാര്യ വ്യക്തികളുടേത് തന്നെയാണ്. അംഗൻവാടിയിലേക്ക് എത്താന്‍ വേണ്ട വഴിയും വ്യക്തി സൗജന്യമായി കോർപറേഷന് നല്‍കിയിട്ടുണ്ട്.
ഇവിടെ റോഡ് നിർമിക്കുമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടായിട്ടില്ല. അംഗൻവാടിയിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ തലച്ചുമടായി എത്തിക്കേണ്ട സാഹചര്യമാണ്.കോര്‍പറേഷന്‍ കൗണ്‍സിലര്‍ നല്‍കിയ ഉറപ്പിലാണ് 2021 മാര്‍ച്ചില്‍ ഇവിടേക്ക് പ്രവര്‍ത്തനം മാറ്റിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കോര്‍പറേഷന്റെ ഭഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. ഇപ്പോള്‍ വഴിയില്‍ ക്വാറി വേസ്റ്റ് എങ്കിലും നിരത്തി സഞ്ചാരയോഗ്യമാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.