അപകടം പതിയിരിക്കുന്ന ഒലക്കയം
text_fieldsഒല്ലൂര്‍: വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയില്‍ ആരെയും ആകര്‍ഷിക്കുന്ന ഒലക്കയം വെള്ളച്ചാട്ടം ആകര്‍ഷിക്കുന്നതിനൊപ്പം അപകടം പതിയിരിക്കുന്നതുമാണ്. എന്നാല്‍, ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ സ്ഥാപിക്കാത്തത് യുവാക്കളെ വെള്ളച്ചാട്ടത്തിന്റെ മാസ്മരികതയിലേക്ക് ആകര്‍ഷിക്കുകയും അറിയാതെ അപകടത്തില്പെടുകയുമാണ്.
വര്‍ഷകാലം ശക്തമായതോടെ വെള്ളച്ചാട്ടം കൂടുതല്‍ മനോഹരമാണ്. ഇതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ ഉല്ലാസയാത്രയില്‍ ഇടം പിടിച്ച ഒലക്കയത്തില് അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ നിരവധി പേരാണ് വരുന്നത്. പലപ്പോഴും കാല്‍വഴുക്കി പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയാല്‍ പിന്നീട് രക്ഷപ്പെടുക പ്രയാസമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ വെട്ടുക്കാട് സ്വദേശിയുടെ കാല് പറക്കെട്ടുകള്ക്കുള്ളില് കുടുങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറത്തെടുക്കാനായത്. വ്യാഴാഴ്ച ഉണ്ടായ അപകടത്തിലും പാറക്കെട്ടുകളാണ് അപകടകാരണമെന്ന് പറയുന്നു. കാല്‍വഴുതി പാറക്കെട്ടുകള്‍ക്കുള്ളില്‍ അകപ്പെട്ടാല്‍ വെള്ളത്തില്‍നിന്ന് പൊന്തിവരാന്‍ കഴിയാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമാണ്.
റോഡില്‍നിന്ന് അര കി.മീ. മാത്രം സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തിലെത്താം. അവിടെ വരെ പ്രവേശിക്കുന്നതിന് നിയന്ത്രണമോ മുന്നറിയിപ്പോ ഇല്ല.
സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് വനപാലകരും ഇല്ല. എന്നാല്‍, ഒലക്കയത്തിന് മുകളിലേക്ക് കയറുന്നത് തടയാന്‍ വനം വകുപ്പിന്റെ വേലിയുണ്ട്.
വെള്ളച്ചാട്ടത്തിനരികിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ വനപാലകരെ നിയോഗിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുവാക്കള്‍ കാട്ടിലെത്തി മദ്യപിച്ചശേഷം കുപ്പികള്‍ വലിച്ചെറിയുന്നതും നാട്ടുകാര്‍ക്ക് എറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

