തളിക്കുളം പത്താംകല്ലിൽ ഓയിൽ മിൽ കത്തിനശിച്ചു; 25 ലക്ഷത്തിന്റെ നഷ്ടം
text_fieldsതളിക്കുളം: പത്താംകല്ലിൽ ഓയിൽ ഫ്ലവർ മിൽ കത്തിനശിച്ചു. പള്ളിക്ക് വടക്ക് പടിഞ്ഞാറുള്ള റോഡരികിലെ സാലി ഓയിൽ മില്ലാണ് വ്യാഴാഴ്ച രാവിലെ 7.30ഓടെ കത്തിനശിച്ചത്. രാവിലെ തുറക്കാനായി ഒരുങ്ങുമ്പോൾ സമീപം താമസിക്കുന്ന ഉടമ മുഹമ്മദ് സാലിയാണ് തീ ഉയരുന്നത് കണ്ടത്. അയൽവാസികളെ വിളിച്ചുകൂട്ടി തീ അണക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാൽ മോട്ടോർ പമ്പ് ചെയ്യാനായില്ല. തുടർന്ന് ടാപ്പിൽനിന്ന് വെള്ളം ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. സ്ഥാപനത്തിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതും സ്ഥിതി വഷളാക്കി.
നാട്ടികയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തി വെള്ളം പമ്പ് ചെയ്താണ് 8.15ഓടെ തീ പൂർണമായി അണച്ചത്. കടക്കുള്ളിലെ പാചകവാതക സിലിണ്ടർ ഊരിയെടുത്ത് പുറത്തേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി. മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ, കൊപ്ര, നാളികേരം, മല്ലി, മുളക്, വിൽപനക്ക് പായ്ക്ക് ചെയ്ത് വച്ചിരുന്ന വിവിധ മസാലപ്പൊടികൾ എന്നിവയും മെഷിനറികളുമടക്കം എല്ലാം കത്തിനശിച്ചു. ഓണ വിപണി ലക്ഷ്യം വെച്ചാണ് വെളിച്ചെണ്ണയടക്കം ഉൽപന്നങ്ങൾ വൻതോതിൽ ഉണ്ടാക്കി സൂക്ഷിച്ചിരുന്നത്.
500 ലിറ്ററിൽ അധികം വെളിച്ചെണ്ണ മില്ലിൽ ഉണ്ടായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. വെളിച്ചെണ്ണയിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 25 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. നാട്ടിക ഫയർ സ്റ്റേഷനിലെ എസ്.എഫ്.ആർ.ഒ കൃഷ്ണരാജ്, എഫ്.ആർ.ഒമാരായ വിഷ്ണുദാസ്, കൃഷ്ണപ്രസാദ്, ബൈജു, ഡ്രൈവർമാരായ അരുൺ, അജോ, ഹോം ഗാർഡുമാരായ സുനിൽ, ശ്രീകുമാർ എന്നിവർ തീ അണക്കാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

