യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
text_fieldsകയ്പമംഗലം വഞ്ചിപ്പുരയിൽ മരത്തിലിടിച്ച് തകർന്ന കാർ. അപകടത്തിൽ കയ്പമംഗലം പള്ളിത്താനം സ്വദേശികളായ രണ്ട് യുവാക്കൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു
കയ്പമംഗലം: നബിദിനാഘോഷങ്ങൾക്കായി ഒരുങ്ങിയ നാടിനെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണവാർത്ത. കയ്പമംഗലം വഞ്ചിപ്പുരയിൽ വ്യാഴാഴ്ച പുലർച്ചയുണ്ടായ കാറപകടത്തിലാണ് മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബും കുന്നുങ്ങൽ അബ്ദുൽ റസാക്കിന്റെ മകൻ ഹാരിസും നാടിനോട് യാത്രപറഞ്ഞത്.
അപകട വാർത്തയറിഞ്ഞവർക്ക് ഇരുവരുടെയും വിയോഗം ആദ്യം വിശ്വസിക്കാനായില്ല. വിപുലമായ നബിദിനാഘോഷങ്ങൾ നടക്കുന്ന കയ്പമംഗലം ചളിങ്ങാട് ബുധനാഴ്ച രാത്രി ആഘോഷത്തിന്റെ ഒരുക്കങ്ങൾ കാണാനെത്തിയതായിരുന്നു ഇവരുൾപ്പെട്ട ഏഴംഗ സംഘം. പരിചയക്കാരോടും സുഹൃത്തുക്കളോടും സന്തോഷം പങ്കുവെച്ച് പന്ത്രണ്ടരയോടെ ഇവിടെനിന്ന് കാറിൽ മടങ്ങുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ച ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിന് സമീപത്തെ മരത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെയും ആബിദയുടെയും ഏക മകനായ ഹസീബ് ഇരിഞ്ഞാലക്കുട തരണനെല്ലൂർ കോളജ് ബി.കോം വിദ്യാർഥിയാണ്.
ഹാരിസിന്റെ മാതാവ്: ഹയറുന്നീസ. സഹോദരി: സുറുമി. ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ വൈകീട്ടോടെ വീട്ടിലെത്തിച്ചു. ഹാരിസിന്റെ ഖബറടക്കം നടത്തി. ഹസീബിന്റെ ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മൂന്നുപീടിക പുത്തൻ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

