ബസ് യാത്രക്കിടെ കണ്ടത് മരണമുഖം; ജീവന്റെ തുടിപ്പ് കാത്ത് രണ്ട് മാലാഖമാർ
text_fieldsചാവക്കാട്: പൊന്നാനി-ചാവക്കാട് റൂട്ടിലോടുന്ന ആ സ്വകാര്യ ബസ്‍ പതിവുപോലെ യാത്രക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ചാവക്കാട് ടൗണിലേക്ക് അടുക്കാറായപ്പോഴാണ് പെൺകുട്ടിയുടെ ദീനമായ നിലവിളി ഉയർന്നത്. പെട്ടെന്നാണ് പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന, 40 വയസ്സു തോന്നിക്കുന്ന യുവതിക്ക് തളർച്ച ബാധിച്ചത്. നിമിഷങ്ങൾക്കകം അവരുടെ കണ്ണും ചുണ്ടും ഒരു വശത്തേക്ക് കോടിപ്പോയി. കുഴഞ്ഞുവീഴാൻ പോയ അവരെ താങ്ങിപ്പിടിച്ച് എന്തുചെയ്യണമെന്നറിയാതെ ആ പെൺകുട്ടി ഭയന്നുവിറച്ചു നിലവിളിച്ചു. പെട്ടെന്നുണ്ടായ ഈ കാഴ്ചയിൽ ബസിലെ യാത്രക്കാരും ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
എന്നാൽ, ആൾക്കൂട്ടത്തിനിടയിൽ നിന്ന് ധൈര്യപൂർവം രണ്ട് പെൺകുട്ടികൾ മുന്നോട്ട് വന്നു. മറ്റാരുമായിരുന്നില്ല അത്- മുതുവട്ടൂർ രാജാ ആശുപത്രിയിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ എടക്കഴിയൂർ സ്വദേശി ഹനീനയും സ്വാതിയും. തിരക്കേറിയ ബസിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും അവർ ഒട്ടും സമയം കളയാതെ രോഗിയെ പരിശോധിച്ചു. സ്ത്രീയുടെ ഹൃദയമിടിപ്പ് വളരെ കുറവാണെന്നും അവർ തീർത്തും തളർന്നുപോയെന്നും ഹനീനക്കും സ്വാതിക്കും മനസ്സിലായി. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളായിരുന്നു അത്.
ക്ലാസ് മുറികളിൽ പഠിച്ച അറിവും പ്രായോഗിക പരിശീലനവും കൈമുതലാക്കി ഹനീന ഉടൻ ആ സ്ത്രീക്ക് സി.പി.ആർ നൽകാൻ ആരംഭിച്ചു. സ്വാതി അവർക്ക് ആവശ്യമായ പിന്തുണയുമായി ഒപ്പം നിന്നു. വിദ്യാർഥിനികളുടെ കൃത്യമായ പരിചരണത്തിനൊടുവിൽ, സ്ത്രീ പതുക്കെ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തി. ബസ് ചാവക്കാട് സെന്ററിൽ എത്തിയപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വേഗത്തിലായി. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഉടൻ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി.
രോഗിയെ ആംബുലൻസിലേക്ക് മാറ്റുമ്പോൾ ഹനീനയും സ്വാതിയും അവരുടെ കൂടെപ്പോകാൻ മടിച്ചില്ല. ആ നിർണായക നിമിഷത്തിൽ വിദ്യാർഥിനികൾ നൽകിയ പ്രഥമശുശ്രൂഷയാണ് ആ സ്ത്രീയുടെ ജീവൻ രക്ഷിച്ചതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അടിയന്തരമായി രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ കൺമുന്നിൽ നടന്ന വലിയൊരു അപകടത്തിൽനിന്ന് ഒരു ജീവൻ കാക്കാനായതിന്റെ ആശ്വാസത്തിലാണ് ഹനീനയും സ്വാതിയും. നഴ്സിങ് പഠനത്തിന്റെ ആദ്യവർഷത്തിൽ തന്നെ ഒരു ജീവൻ കാത്തുസൂക്ഷിച്ച ഹനീനയും സ്വാതിയും തങ്ങൾ തിരഞ്ഞെടുത്ത സേവനവഴികളിലെ യഥാർഥ മാലാഖമാരാണെന്ന് തെളിയിച്ചിരിക്കുകയാണ്. നാടൊന്നാകെ ഈ മിടുക്കികൾക്ക് അഭിനന്ദനപ്രവാഹവുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

