ചെറുതുരുത്തി: ഗൾഫിൽനിന്ന് അവധിയിൽ നാട്ടിലെത്തിയ പ്രവാസിയെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി. ദേശമംഗലം കൊണ്ടയൂർ പള്ളത്ത് വീട്ടിൽ ഇസ്മയിലിനെയാണ് (41) അർധരാത്രി വീട്ടിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. തലക്കും കൈക്കും വടിവാള് കൊണ്ടും കമ്പിപ്പാരകൊണ്ടും അടിച്ചതായി ഇസ്മയിൽ പരാതിയിൽ പറയുന്നു. ബഹളം വെച്ചതിനെ തുടർന്ന് അക്രമിസംഘം വാഹനത്തിൽ രക്ഷപ്പെട്ടു.
രക്തം വാർന്ന് കിടന്ന ഇസ്മയിലിനെ വീട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ജനുവരിയിലാണ് ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയത്. കോവിഡ് സാഹചര്യത്തിൽ തിരിച്ചുപോകാൻ പറ്റാത്തത് മൂലം ഓട്ടുപാറയിൽ ചായക്കട നടത്തുകയാണ്. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.