ഗവ. മെഡിക്കൽ കോളജിൽ രാത്രി ഹൃദയചികിത്സക്ക് സൗകര്യമില്ല
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ രാത്രി ഹൃദയചികിത്സക്ക് സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആൻജിയോഗ്രാം മുതല്‍ ഹൃദയം തുറന്ന ശസ്ത്രക്രിയവരെ നടത്താൻ കാർഡിയോളജി വിഭാഗത്തില്‍ സൗകര്യമുണ്ടെങ്കിലും രാത്രിയില്‍ ഈ സേവനങ്ങളൊന്നും ലഭ്യമല്ല. രാത്രിയിലെത്തുന്ന രോഗികളെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
സർക്കാർ തലത്തില്‍ ജില്ലയില്‍ മറ്റൊരിടത്തും രാത്രി ഹൃദയചികിത്സ ലഭ്യമല്ല. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതവുമായി എത്തിയ വടക്കാഞ്ചേരി സ്വദേശി മാധ്യമ പ്രവർത്തകനെ തിരിച്ചയച്ചതാണ് ഇതില്‍ ഒടുവിലത്തേത്. ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.
രാത്രിയില്‍ക്കൂടി സേവനം നല്കാൻ കഴിയുംവിധം ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതാണ് രോഗികള്‍ക്ക് വിനയാകുന്നത്. ആകെ അഞ്ച് ഡോക്ടർമാരാണ് കാർഡിയോളജി വകുപ്പിലുള്ളത്. ഒരു മാസം നൂറിലേറെ രോഗികള്‍ക്ക് ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തുന്നുണ്ട്.
രാത്രി ചികിത്സ നല്കണമെങ്കില് ഒരു മുതിർന്ന ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. പകല്‍ സേവനം വെട്ടിച്ചുരുക്കാതെ രാത്രിയില്‍ ഹൃദയചികിത്സ ലഭ്യമാക്കണമെങ്കില്‍ വകുപ്പില്‍ രണ്ട് ഡോക്ടർമാരെയെങ്കിലും അധികമായി നിയമിക്കേണ്ടി വരും.ഇതിനായി സർക്കാരിന് മെഡിക്കല്‍ കോളജ് സമർപ്പിച്ച പദ്ധതികള്‍ ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല.
രാത്രികാല പോസ്റ്റുമോർട്ടം മന്ദഗതിയിൽ
ഗവ. മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചെങ്കിലും ജീവനക്കാരുടെ കുറവ് ജനത്തെ വലക്കുന്നു. ജീവനക്കാരെ നിയേഗിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവി ഡോ. ഹിതേഷ് ശങ്കർ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയായില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം കിട്ടാൻ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ മാസമാണ് പോസ്റ്റ്മോർട്ട സമയം വൈകീട്ട് ഏഴ് വരെയായി ദീർഘിപ്പിച്ചത്. രാത്രിയിലെ പോസ്റ്റ്മോർട്ടം ആരംഭിച്ചത് പൊലീസിനും ജനത്തിനും സൗകര്യമായിരുന്നു. എന്നാൽ ഒരു ഷിഫ്റ്റ് ഡ്യൂട്ടിക്കുള്ള ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. രണ്ട് ഷിഫ്റ്റാക്കിയപ്പോൾ ജീവനക്കാരുടെ അഭാവം മൂലം ഇരു ഷിഫ്റ്റിലെയും പ്രവർത്തനം മന്ദഗതിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

