ജലസേചന മാർഗങ്ങളില്ല; പടിഞ്ഞാറൻമുറി പാടശേഖരങ്ങൾക്ക് അവഗണന
text_fields1. പൊയ്യ പഞ്ചായത്ത് വാർഡ് ഒന്നിലെ പാടശേഖരത്തിലെ തോട് 2. വിളഞ്ഞ നെല്ല്
മാള: പടിഞ്ഞാറൻമുറി പാടശേഖരങ്ങളിൽ ജലസേചനം സ്വപ്നമാവുന്നു. പൊയ്യ ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലായാണ് പാടശേഖരമുള്ളത്. മതിയായ വെള്ളമില്ലാത്തതിനാൽ ഇവിടെ നെൽകൃഷി കുറയുകയാണ്. മഴ വരുന്നതോടെ താണികാട് പാങ്കുളം, മദ്റസ റോഡ് കുളം എന്നിവയിൽനിന്ന് വെള്ളമൊഴുക്കി 300 മീറ്റർ ദൂരെയുള്ള കല്ലൻ കുളത്തിലെത്തിക്കാനാവും. ഇവിടെനിന്ന് നിലവിലെ തോട് വഴി പാടശേഖരങ്ങളിൽ എത്തും.
തോട് ചേരുന്നത് ചെന്തുരുത്തി ചാലിലാണ്. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കണമെന്നാവശ്യമുണ്ട്. ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലാണ് മതിയായ ജലസേചനമില്ലാതായിരിക്കുന്നത്. ജലം കെട്ടിനിർത്താനും ആവശ്യമനുസരിച്ച് തുറന്നുവിടാനും മതിയായ സൗകര്യങ്ങൾ മേഖലയിലുണ്ട്.
എന്നാൽ, അധികൃതർ അവഗണിക്കുകയാണെന്ന് കർഷകർ പറയുന്നു. മാർക്കറ്റിൽ ഉയർന്ന വില ലഭിക്കുന്ന അരിയുടെ നെല്ലാണ് പടിഞ്ഞാറൻമുറിയിൽ കൃഷി ചെയ്തിരുന്നത്. ഇവ സംരക്ഷിച്ച് ഉപയോഗപ്പെടുത്താൻ അധികൃതർ തയാറാവുന്നില്ലെന്നാണ് പരാതി. പാടശേഖരത്തിലേക്ക് ഉപ്പ് കയറാതിരിക്കാൻ ബണ്ട് നിലവിലുണ്ട്. ഇവിടെ ഉപ്പുജലം തടയാൻ ശാസ്ത്രീയ സംവിധാനം നിർമിക്കേണ്ടതുണ്ട്. തോടുകൾ നിലവിലുണ്ടെങ്കിലും കെട്ടി സംരക്ഷിച്ചിട്ടില്ല. ഇവ തകർച്ച ഭീഷണിയിലാണ്. തോട് കോൺക്രീറ്റ് ചെയ്ത് ആഴം കൂട്ടി സംരക്ഷിക്കേണ്ടതുണ്ട്. രണ്ട് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തോട് ശോച‍്യാവസ്ഥയിലാണ്.
സ്വകാര്യ വ്യക്തികൾ കൈയേറിയതായും ആരോപണമുണ്ട്. തോട് അളന്ന് കൈയേറ്റം ഒഴിപ്പിക്കണമെന്ന് നേരത്തേ ആവശ‍്യമുയർന്നിരുന്നു. കാർഷിക മേഖലയിൽ കുതിച്ചുകയറ്റത്തിന് തയാറായ പാടശേഖര സമിതികൾ നിലവിലുണ്ട്. വെള്ളമില്ലാതെ വന്നതോടെ പാടശേഖരങ്ങൾ തരിശിടുന്നവരുമുണ്ട്. ഇങ്ങനെ തരിശിടുന്നവ പിന്നീട് മണ്ണിട്ട് നികത്തുകയാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

