അടിസ്ഥാന സൗകര്യമില്ല; പെരിയമ്പലം ബീച്ചിൽ സന്ദർശകർ ദുരിതത്തിൽ
text_fieldsപെരിയമ്പലം ബീച്ച്
അണ്ടത്തോട്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പെരിയമ്പലം ബീച്ചിലെത്തുന്ന സന്ദർശകർ ദുരിതത്തിൽ. പുന്നയൂർക്കുളം പഞ്ചായത്തിലെ പ്രധാന വിനോദ കേന്ദ്രമായ പെരിയമ്പലം ബീച്ചിനെ അധികൃതര്‍ അവഗണിക്കുമ്പോഴും ദിവസവും നൂറുകണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്. വിദേശികളടക്കം നിരവധി സഞ്ചാരികളെത്തുന്ന സ്ഥലമായിട്ടുപോലും അടിസ്ഥാന സൗകര്യമൊരുക്കാൻ അധികൃതർക്കായിട്ടില്ല. ബീച്ചിലെത്തുന്നവർക്ക് ഇരിപ്പിടങ്ങളോ മറ്റു സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.
ആറുവർഷം മുമ്പ് ബീച്ചിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബെഞ്ചുകൾ, ഫാൻസി കുടകൾ, ടോയ്ലറ്റ് എന്നിവ കടലെടുത്തിരുന്നു. നാളിതുവരെ ഇവ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ലക്ഷങ്ങൾ ചെലവിട്ട് ആരംഭിച്ച ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഇരിപ്പിടമൊരുക്കിയത്.
ഒപ്പം നിർമിച്ച ശുചിമുറിയും കടലെടുത്തു. പുതിയവ ഇനിയും സ്ഥാപിച്ചിട്ടില്ല. ശുചിമുറി സൗകര്യമില്ലാത്തതിനാൽ സന്ദർശകർ ബുദ്ധിമുട്ടിലായിരുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ സമീപ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. സന്ദർശകരിൽ പലരും പൊതുസ്ഥലത്താണ് കാര്യങ്ങൾ സാധിക്കുന്നത്. പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ബീച്ചിലേക്കു വരുന്ന സന്ദർശകരെ വരവേല്‍ക്കുന്നത് വീതികുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡാണ്.
റർബൻ മിഷൻ പദ്ധതിയിൽപ്പെടുത്തി റോഡ് നവീകരണത്തിനു തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തുടർനടപടിയൊന്നുമായിട്ടില്ല. അടുത്ത ദിവസം വിപുലമായ രീതിയിൽ ബീച്ച് ഫെസ്റ്റ് തുടങ്ങാനിരിക്കെ ബീച്ചിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിയാത്തതിൽ നാട്ടുകാരിലും പ്രതിഷേധമുണ്ട്. ഇപ്പോൾ വേലിയേറ്റമില്ല. അതുകൊണ്ടുതന്നെ കടൽഭിത്തിയെക്കുറിച്ചുള്ള ചർച്ചയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

