കാണികൾ ചോദിക്കുന്നു, ഇത് അന്താരാഷ്ട്ര നാടകോത്സവമോ, അമച്വർ നാടക മത്സരമോ?
text_fieldsതൃശൂർ: 15ാമത് അന്തരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളം നാടങ്ങൾ കാണാനെത്തിയ നാടകപ്രേമികൾ ഒരേ സ്വരത്തിൽ ചോദിക്കുന്നത് ഒന്നേയുള്ളൂ. ഇവിടെ നടക്കുന്നത് അന്താരാഷ്ട്ര നാടക മേളയാണോ അതോ അമച്വർ നാടക മത്സരമാണോ എന്നാണത്. അന്താരാഷ്ട്ര നാടകമേളകളിൽ അവതരിപ്പിക്കാൻ തക്ക ആഴമുള്ള നാടകങ്ങളല്ല മലയാളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ എന്നാണ് കാണികളുടെ സംസാരം. പ്രധാനമായും ഇറ്റ്ഫോക്കിൽ ഇതിനകം അവതരിപ്പിച്ച രണ്ട് നാടകങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രേക്ഷക പ്രതികരണങ്ങൾ വരുന്നത്.
ചൊവ്വാഴ്ച അവതരിപ്പിച്ച ആറാമത്തെ വിരൽ, വ്യാഴാഴ്ച അവതരിപ്പിച്ച ഭൂതങ്ങൾ എന്നിവ തീർത്തും അമച്വറായ നാടകങ്ങളാണെന്നും ഇവക്ക് അന്താരാഷ്ട്ര നാടകവേദിയിലേക്ക് എങ്ങനെ സെലക്ഷൻ ലഭിച്ചു എന്നുമാണ് നാകരംഗത്തെ തന്നെ പ്രമുഖർ സംശയം ഉന്നയിക്കുന്നത്. അമച്വർ നാടകങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇവയേക്കാൾ മികച്ചവ ഉണ്ടായിരുന്നല്ലോ എന്നും കാണികൾ ചോദിക്കുന്നു. കോട്ടയം സ്കൂൾ ഓഫ് ലെറ്റേഴ്സ് അവതരിപ്പിച്ച ആറാമത്തെ വിരൽ നാടകം അന്താരാഷ്ട്ര നാടകോത്സവത്തിന് ഉതകുന്നതായിരുന്നില്ലെന്ന് പരസ്യമായി തന്നെ കഴിഞ്ഞ ദിവസം വിമർശനമുയർന്നിരുന്നു.
രാമനിലയത്തിൽ നടന്ന ‘മീറ്റ് ദി ആർട്ടിസ്റ്റ്’ പരിപാടിയിൽ പലരും ഇത് പരസ്യമായി ഉന്നയിച്ചിരുന്നു. ജനപ്രിയ ചേരുവകൾ ഏറെയുള്ള നാടകം തെരഞ്ഞെടുക്കപ്പെട്ടതിൽ സംശയമുണ്ടെന്നും വിമർശനമുണ്ട്. ഫെസ്റ്റിവൽ ക്യൂറേറ്റർമാർ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും വിമർശകർ ആവശ്യമുന്നയിച്ചു. അതേസമയം വിദ്യാർഥികളുടെ അവതരണം എന്ന നിലക്കാണ് ആറാമത്തെ വിരൽ തെരഞ്ഞെടുത്തത് എന്നാണ് സംഗീത നാടക അക്കാദമിയുടെ നിലപാട്. വിവിധങ്ങളായ നാടകങ്ങൾക്ക് വേദി നൽകുക എന്നാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും അക്കാദമി അധികൃതർ പറയുന്നു.
ഭൂതങ്ങൾ എന്ന നാടകവും സമാന വിമർശനം നേരിട്ടു. അപ്പൻ എന്ന മലയാള സിനിമയാണ് ഭൂതങ്ങൾ എന്ന പേരിൽ നാടകമാക്കി അവതരിപ്പിച്ചത്. അടിമുടി അമച്വർ സ്വഭാവത്തിലുള്ള നാടകത്തിന്റെ ചിത്രീകരണവും ഡയലോഗുകളും ഒക്കെ സിനിമയിലേതിന് സമാനമായിരുന്നു. സിനിമയുടെ നിലവാരം പോലും നാടകം പുലർത്തിയില്ല എന്ന വിമർശനവും ഉയർന്നു. സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അലൻസിയറിന്റെയും സണ്ണി വെയിന്റെയും അനുകരണമാണ് നാടകത്തിലും കണ്ടത് ചില കാണികൾ പറയുന്നു. സിനിമ കണ്ടതിന് ശേഷം നാടകം കണ്ടതിനാൽ മതിപ്പ് തോന്നിയില്ലെന്നും അവർ പറയുന്നു.
അന്താരാഷ്ട്ര മികവുള്ള മലയാളം നാടകങ്ങൾ ഉണ്ടായിരിക്കെ ഇവ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ മനസ്സിലാകുന്നില്ലെന്നും ചിലർ പറഞ്ഞു. അതേസമയം, സംസ്ഥാന, സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തുന്ന നാടകങ്ങൾ അതാത് വർഷങ്ങളിലെ ഇറ്റ്ഫോക്കിൽ അവതരിപ്പിക്കാൻ അവസരമൊരുക്കണമെന്നും അത് മലയാള നാടകമേഖലക്ക് ഉണർവേകുമെന്നും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

