വീട്ടുതൊടിയിലെ ഉഴുന്ന് കൃഷിയിൽ നൂറുമേനിയുമായി വീട്ടമ്മ
text_fieldsവീട്ടുപറമ്പിലെ ഉഴുന്ന് വിളവെടുക്കുന്ന ശാലിനി വിജയൻ
അന്തിക്കാട്: വീട്ടുതൊടിയിലെ ഉഴുന്ന് കൃഷിയിൽ നൂറുമേനി വിളവ് നേടിയ സന്തോഷത്തിലാണ് അന്തിക്കാട്ടെ കരുമത്തിൽ വീട്ടിൽ ശാലിനി വിജയൻ. വീട്ടുജോലിക്കാരനായ തമിഴ്നാട് കുംഭകോണം സ്വദേശി ദേവനേശൻ നാട്ടിൽനിന്ന് കൊണ്ടുവന്ന ഉഴുന്ന് വിത്ത് ഒരു പ്രതീക്ഷയും കൂടാതെ അന്തിക്കാട്ടെ വീട്ടുപറമ്പിൽ വിതച്ച് പരിപാലിച്ചാണ് ഇവർ വിളവ് കൊയ്തത്. ഏതാനും മാസം മുമ്പാണ് കൃഷി ആരംഭിച്ചത്.
ചാണകത്തിന്റെയും ആട്ടിൻ കാഷ്ഠത്തിന്റെയും പൊടികളായിരുന്നു പ്രധാന വളം. കമ്പോസ്റ്റ്, സൂപ്പർ മിൽസ് എന്നിവയും വളമായി നൽകിയാണ് പരീക്ഷണ കൃഷി വിജയിപ്പിച്ചത്. ഏതാനും വർഷങ്ങളായി ഇവർ അർബുദത്തിന്റെ തീരാനോവിൽനിന്ന് പൊരുതി ജീവിതം തിരികെ പിടിച്ച ശാലിനി വിജയന് ഇത് രണ്ടാം ജന്മം കൂടിയാണ്. ജീവിതം കൈവിട്ടു പോവുകയാണെന്ന് തോന്നിയ നിമിഷം ഭർത്താവിന്റെയും മകൾ അവന്തിക സന്തോഷിന്റെയും സഹായത്തോടെ വീട്ടുപറമ്പിലെ കൃഷിയിടത്തിലേക്ക് ഇവരെ മടക്കി എത്തിക്കുകയായിരുന്നു. രോഗപീഡകൾക്കിടയിലും കഴിഞ്ഞ നവംബറിൽ വിതച്ച ഉഴുന്ന് ഫെബ്രുവരി അഞ്ചിന് ഇവർ വിളവെടുത്തു.
തമിഴ്നാട്ടിൽ ബിസിനസുകാരനും ഗവ. കരാറുകാരനുമായ വിജയൻ ഭാര്യ ശാലിനിക്ക് കൃഷി വിജയമാക്കാനും രോഗത്തെ തോൽപ്പിക്കാനും സാന്ത്വനവുമായി ഒപ്പമുണ്ട്. വിളവെടുത്ത ഉഴുന്ന് വീട്ടാവശ്യത്തിനായി ഉപയോഗിക്കുകയാണിവർ. ഉഴുന്ന് കൃഷിവിജയം കണ്ടതോടെ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനൊരുങ്ങുകയാണ് 51 കാരിയായ ഈ വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

