പുതുതലമുറ ലഹരിയിൽ മയങ്ങി നാട്
text_fieldsതൃശൂർ: പുതുതലമുറ ലഹരിവസ്തുക്കളുടെ ഹബാവുകയാണ് തൃശൂർ. മധ്യകേരളമായതിനാൽ തെക്കോട്ടും വടക്കോട്ടും കടത്താൻ എളുപ്പമാണെന്നതാണ് സാംസ്കാരിക നഗരിയെ വിൽപനകേന്ദ്രമായി ലഹരിമാഫിയ തെരഞ്ഞെടുക്കാൻ കാരണം. നേരത്തേ കൊച്ചി കേന്ദ്രീകരിച്ച സംഘങ്ങൾ തൃശൂരിനെയാണ് ഇപ്പോൾ ഇടത്താവളമാക്കിയിരിക്കുന്നത്.
ഹഷീഷ് ഓയിൽ, എം.ഡി.എം.എ അടക്കം വീര്യമുള്ളവയാണ് തൃശൂരിലേക്ക് ഒഴുകുന്നത്. ഇതിനുപിന്നിൽ ഗുണ്ടസംഘങ്ങളാണ്. കഴിഞ്ഞ ദിവസം ഒരുകിലോ ഹഷീഷ് ഓയിലുമായി പിടിയിലായ ആറുപേർക്കും ഗുണ്ടസംഘങ്ങളുമായി ബന്ധമുണ്ട്. നേരത്തേ കോട്ടയത്തുനിന്നുള്ള ഗുണ്ടസംഘം തൃശൂരിൽ തമ്പടിച്ച് വിളയാടുകയും സിനിമ സ്റ്റൈലിൽ പൊലീസ് അവരെ പിടികൂടുകയും ചെയ്തിരുന്നു.
ജ്യൂസ് പാക്കറ്റുകൾ, വെളിച്ചെണ്ണക്കുപ്പികൾ, ഫ്ലാസ്കുകൾ എന്നിവയിലെല്ലാമാണ് ഹഷീഷ് ഓയിൽ കടത്തുന്നത്. അതിനാൽ പെട്ടെന്ന് പിടികൂടാകാനാകില്ല. ഹഷീഷ് ഓയിലിന് രൂക്ഷഗന്ധമാണ്. ഇത് മറികടക്കാൻ സുഗന്ധതൈലങ്ങൾ പുരട്ടും. 100 കിലോയിലധികം കഞ്ചാവ് വാറ്റുമ്പോഴാണ് വീര്യംകൂടിയ ഒരുകിലോ ഹഷീഷ് ഓയിൽ ലഭിക്കുന്നത്. ഒരു കിലോക്ക് ചില്ലറ വിപണിയിൽ ഒരുകോടിയിലധികം ലഭിക്കുന്നതിനാൽ കുറഞ്ഞ അളവിനുപോലും വൻ തുക ലഭിക്കും. ക്രിമിനൽ കേസിന് നിയമസഹായത്തിനുള്ള പണം കണ്ടെത്താനാണ് ഈ സംഘങ്ങൾ ഇടപാടിന് ഇറങ്ങുന്നത്.
പിന്നിൽ ന്യൂജൻകാർ
ലഹരിവസ്തുക്കൾ വിൽക്കുന്നവരിൽ അധികവും പുതുതലമുറയാണ്. പ്ലസ് ടു പഠനം കഴിഞ്ഞ് ഇത്തരം സംഘങ്ങളിൽ അറിയാതെ ചെന്നുപെടുന്നവരുമുണ്ട്. ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാകുന്നതോടെ ഇവർ സ്വാഭാവികമായും ഗുണ്ടസംഘങ്ങളുടെ വലയിൽപെടും. കേസിൽപെടുമ്പോൾ രക്ഷകരായെത്തുന്നതും ലഹരിമാഫിയകളാകും. അതുകൊണ്ട് ഒരുതവണ ഇത്തരം സംഘങ്ങളിൽ വീണവർ ആജീവനാന്തം ക്രിമിനലുകളായി തുടരുന്നെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. 18നും 20നും ഇടയിൽ പ്രായമായവരിൽ അധികവും കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുന്നതിന് പിന്നിൽ ലഹരിതന്നെയാണ് മുഖ്യകാരണം.
മദ്യപിക്കാൻ പണത്തിനായാണ് ചേർപ്പിൽ പേരക്കുട്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയത്. കൂട്ടുകൂടി മദ്യപാനവും ലഹരിക്ക് അടിപ്പെട്ടും ജീവിതം നഷ്ടപ്പെടുത്തുകയാണ് ചെറുപ്പം. വീട്ടിലെ മോശം സാഹചര്യങ്ങളെ മനഃശാസ്ത്രപരമായി മുതലെടുത്ത് ഇത്തരക്കാരെ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് വഴിനടത്താൻ വരെ സംഘങ്ങളുണ്ട്. കഞ്ചാവും മയക്കുമരുന്നും വിൽപന നടത്തുന്നവർ പലരും തങ്ങളുടെ ആവശ്യക്കാരെ കണ്ടെത്തുന്നത് പ്രധാനമായും കളിസ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ചാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇത്തരം കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണ വലയത്തിലാണ്. കഴിഞ്ഞ ദിവസം ഹഷീഷ് ഓയിലുമായി പിടികൂടിയവരെല്ലാം 23 വയസ്സിൽ താഴെയുള്ളവരാണ്.
പെട്ടെന്ന് പണക്കാരനാവാൻ എന്തുംചെയ്യാൻ മടിയില്ലാത്ത പ്രകൃതത്തിലേക്ക് ഇവരെ മാറ്റിയെടുക്കുന്നതും ലഹരി കൊടുത്തുതന്നെയാണ്.
ഓപറേഷൻ റിവൈവിങ്
ജില്ലയിൽ 18നും 20നും ഇടയിൽ പ്രായമുള്ളവരിൽ കുറ്റകൃത്യങ്ങൾ കൂടുന്നത് തടയാൻ കൗൺസലിങ്ങും ബോധവത്കരണവുമായി സിറ്റി പൊലീസ് ഓപറേഷൻ റിവൈവിങ്ങുമായി രംഗത്തുവന്നിരുന്നു.
യുവാക്കൾക്കിടയിലെ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണവും കൗൺസലിങ്ങും തുടർ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ടാണ് സിറ്റി പൊലീസ് പദ്ധതിക്ക് തുടക്കംകുറിച്ചത്. എന്നാലിതിന് വലിയ വിജയം കാണാനായില്ലെന്നതാണ് തുടർച്ചയായി കുട്ടിക്കുറ്റവാളികൾ കൂടുന്നത് നൽകുന്ന സൂചന. സിറ്റി പൊലീസിന് കീഴിലെ കൗൺസിലേഴ്സിനെ ഉപയോഗിച്ചാണ് തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. ഇവർക്കൊപ്പം രക്ഷിതാക്കളെയും വിളിച്ചുവരുത്തുന്നുണ്ട്. ഇതിന് പ്രത്യേക ടീമും രൂപവത്കരിച്ചു.
ഒരോ സ്റ്റേഷനുകളിലും കേസുകളിൽ ഉൾപ്പെട്ട ഇത്തരക്കാരെ നിരീക്ഷിക്കാൻ സിവിൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

