Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right‘കലക്ടറുടെ കാറിൽ...

‘കലക്ടറുടെ കാറിൽ കയറിയപ്പോൾ അമ്മ വിതുമ്പി’; ഹൃദയം തൊടുന്ന കുറിപ്പുമായി പുതിയ കലക്ടർ ശിഖ സുരേന്ദ്രൻ

text_fields
bookmark_border
‘കലക്ടറുടെ കാറിൽ കയറിയപ്പോൾ അമ്മ വിതുമ്പി’; ഹൃദയം തൊടുന്ന കുറിപ്പുമായി പുതിയ കലക്ടർ ശിഖ സുരേന്ദ്രൻ
cancel
camera_alt

കലക്ടറുടെ ചേംബറിൽ ശിഖക്ക് മുത്തം നൽകുന്ന അമ്മ

തൃശൂർ: ആദ്യമായി കലക്ടറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി തൃശൂർ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ. തിങ്കളാഴ്ചയാണ് കലക്ടർ അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക് സ്ഥലം മാറിയ ഒഴിവിൽ ശിഖ തൃശൂർ കലക്ടറായി ചുമതലയേറ്റത്. തൊട്ടുപിന്നാലെ ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. ഐ.എ.എസിലേക്കുള്ള വഴിയിൽ മാതാപിതാക്കൾ നൽകിയ അസാമാന്യ പിന്തുണയെ കുറിച്ചാണ് ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നത്. അച്ഛനുമായി നിൽക്കുന്ന ഫോട്ടോ കലക്ടറുടെ ചേംബറിൽ വെച്ചതിന് ശേഷമാണ് ശിഖ സ്ഥാനമേറ്റത്. കലക്ടറുടെ കുറിപ്പിൽനിന്ന്;

സ്വപ്നം കാണാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശൂർ ജില്ല കലക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല.

കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻറെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജം. ചാർജ് എടുക്കാൻ കലക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം കലക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് 20 വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കാനോ അറിയുമായിരുന്നില്ല.

സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും, സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു. സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കലക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല. മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ, തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ, എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്. 50000ലധികം ആളുകൾ ഇതിനകം കലക്ടറുടെ കുറിപ്പിനോട് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectorThrissur
News Summary - Mother broke down in tears upon entering the Collector's car; New Collector Shikha Surendran shares a heart-touching note
Next Story