പുതിയ കെട്ടിടം നോക്കുകുത്തി, പഴയതിന് ചോർച്ച; വായന ദിനത്തിലും തൃശൂർ പബ്ലിക് ലൈബ്രറിക്ക് കണ്ണീരൊപ്പ്
text_fieldsമഴവെള്ളം ചോർന്നിറങ്ങിയ തൃശൂർ പബ്ലിക് ലൈബ്രറിയുടെ തറ തുണികൊണ്ടു മൂടിയപ്പോൾ
തൃശൂർ: ലോകം വായനദിനം ആഘോഷിക്കുമ്പോൾ തൃശൂർ പബ്ലിക് ലൈബ്രറിയിലെ ആയിരക്കണക്കിന് അംഗങ്ങൾക്ക് കണ്ണീരിന്റെ ദിനം. കോടികൾ മുടക്കി പണിത പുതിയ കെട്ടിടത്തിലേക്ക് മൂന്ന് മാസം കഴിഞ്ഞിട്ടും മാറിയിട്ടില്ല. താക്കോൽ കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഭരണസമിതിയുടെ അനാസ്ഥയിൽ പുസ്തകങ്ങൾ പഴയ കെട്ടിടത്തിൽ നനഞ്ഞു നശിക്കുന്നു.
ചെമ്പൂക്കാവിലെ ടൗൺ ഹാളിന് പുറകിലായി നിർമാണം പൂർത്തിയാക്കിയ പുതിയ ലൈബ്രറി കെട്ടിടത്തിന്റെ താക്കോൽ പബ്ലിക് ലൈബ്രറി ഭരണസമിതിക്ക് കൈമാറിയിട്ട് മൂന്നു മാസം പിന്നിട്ടു. എന്നാൽ, വൈദ്യുതി കണക്ഷൻ എടുക്കാനോ കെട്ടിടം പ്രവർത്തനസജ്ജമാക്കാനോ നടപടികയാട്ടില്ല.
സാമൂഹിക വിരുദ്ധർ വലിച്ചെറിഞ്ഞ മദ്യക്കുപ്പികൾ നിറഞ്ഞും പുല്ല് വളർന്നും പുതിയ കെട്ടിട പരിസരവും നശിക്കുകയാണ്. ഏകദേശം 1.60 ലക്ഷം പുസ്തകങ്ങളുള്ള ലൈബ്രറിയുടെ പല ഭാഗങ്ങളും ചോർച്ച ഭീഷണിയിലാണുള്ളത്. നാല് വർഷമായി തുടരുന്ന ചോർച്ചയിൽ ഇതിനോടകം 25,000ത്തോളം പുസ്തകങ്ങൾ നശിച്ചുട്ടുണ്ട്. ടൗൺ ഹാൾ കെട്ടിടം രണ്ടു കോടി രൂപ മുടക്കി നവീകരിച്ചപ്പോഴും ലൈബ്രറിയുടെ ചോർച്ചക്ക് പരിഹാരമുണ്ടായില്ല.
കാലാവധി കഴിഞ്ഞിട്ടും പബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ടുപോകുന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് അംഗങ്ങൾ ആരോപിക്കുന്നു. ജില്ല ലൈബ്രറി കൗൺസിൽ അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി വിധിയുണ്ട്.
16 സ്ഥിരം ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്നുള്ളത് ആറ് സ്ഥിരം ജീവനക്കാരും ഒരു താൽക്കാലിക ജീവനക്കാരനും മാത്രം. ഇവരുടെ ഡി.എ മുടങ്ങിക്കിടക്കുകയാണ്. ടൗൺ ഹാളിൽ പരിപാടികൾ നടക്കുമ്പോൾ ഉച്ചത്തിലുള്ള ശബ്ദം കാരണം റഫറൻസ് ഹാളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും വായിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
വായനയെ പ്രോത്സാഹിപ്പിക്കേണ്ടവർ തന്നെ കഴുത്തുഞെരിക്കുന്ന സാഹചര്യത്തിൽ സർക്കാർതലത്തിലും ജില്ല ലൈബ്രറി കൗൺസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

