നവകേരള സദസ്സുകള്‍ ചരിത്ര സംഭവമാകും -മന്ത്രി കെ. രാജന്
text_fieldsകലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍
മന്ത്രി കെ. രാജന് സംസാരിക്കുന്നു. മന്ത്രി കെ. രാധാകൃഷ്ണന് സമീപം
തൃശൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സുകള്‍ ചരിത്ര സംഭവമായി മാറുമെന്ന് മന്ത്രി കെ. രാജന്. ഡിസംബര്‍ നാലു മുതല്‍ ഏഴുവരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായി നടക്കുന്ന നവകേരള സദസ്സുകളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍, എം.എല്‍.എമാര്‍, മണ്ഡലംതല കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടികള്‍ നടത്തുന്നതിന് കണ്ടെത്തിയ വേദികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്ക് യോഗം രൂപം നല്കി. പരിപാടിയുടെ വിജയത്തിനായി തദ്ദേശ സ്ഥാപന അധ്യക്ഷര്‍ ചെയര്പേഴ്സന്മാരായും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരുമായും കമ്മിറ്റികള്‍ക്ക് രൂപം നല്‍കും.
നവകേരള സദസ്സുകളുടെ സന്ദേശം എല്ലാ വീടുകളിലുമെത്തിക്കാന്‍ മികച്ച രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി മണ്ഡലങ്ങളില്‍ ഇതിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ എം.എല്‍.എമാരും മണ്ഡലംതല കോഓഡിനേറ്റര്‍മാരും അവതരിപ്പിച്ചു.
കലക്ടറേറ്റ് എക്സിക്യൂട്ടിവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രിമാർക്ക് പുറമെ എം.എല്‍.എമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മണ്ഡലംതല കോഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

