നയനവിരുന്നൊരുക്കി പ്രകൃതിയുടെ പൂന്തോട്ടം
text_fieldsചെന്ത്രാപ്പിന്നിയിൽ ദേശീയപാതക്ക് സമീപത്തെ സ്ഥലത്ത് പൂക്കൾ വിരിഞ്ഞുനിൽക്കുന്നു
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ദേശീയപാതയോരത്ത് പ്രകൃതിയൊരുക്കിയ പൂന്തോട്ടം ദൃശ്യവിസ്മയമാകുന്നു. ചെന്ത്രാപ്പിന്നി ഐസ് പ്ലാന്റിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ വളപ്പിലാണ് വെള്ളപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. നാട്ടിൻപുറങ്ങളിൽ കാണുന്ന ടർണേറ സുബുലത ഇനത്തിൽപ്പെട്ട ചെടിയാണ് പൂക്കൾ നിറഞ്ഞ് കാഴ്ചക്കാർക്ക് കൗതുകമാകുന്നത്. രാവിലെ എട്ടോടെ വിരിയുന്ന പൂക്കൾ ഉച്ചക്ക് 12 ഓടെ വാടും.
തനിയെ മുളച്ച ചെടികൾ മഴക്കാലമായതോടെ വളപ്പിൽ നിറഞ്ഞുകഴിഞ്ഞു. പൂക്കളിലെ തേൻ കുടിക്കാൻ നിരവധി തേനീച്ചകളും തൊടിയിലുണ്ട്. ദൃശ്യഭംഗി ആസ്വദിക്കാൻ യാത്രക്കാരടക്കം നിരവധി പേരാണ് എത്തുന്നത്.

