ദേശീയപാത പുഴയായി; വീണ്ടും പ്രളയ ഭീതി
text_fieldsദേശീയപാതയിൽ അപ്പോളോ ടയേഴ്സിന് മുന്നിലെ വെള്ളക്കെട്ട്
തൃശൂർ: ശക്തമായ മഴയിൽ ജില്ല പ്രളയഭീതിയിലാണ്. ആദ്യ പ്രളയത്തിെൻറ ദുരിതം ഇപ്പോഴും അനുഭവിക്കുന്ന ചാലക്കുടിയിലും ആമ്പല്ലൂർ കല്ലൂരിലും സമാനമായ സാഹചര്യത്തിെൻറ വക്കിലാണ്. ജില്ലയുടെ കിഴക്ക്- തെക്കൻ മേഖലകളിലാണ് മഴ ദുരിതത്തിലാക്കിയത്. കൊടകര കാവില്‍പാടം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ഇവിടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പല വീടുകളിലും വീട്ടുപകരണങ്ങള്‍ക്ക് നാശമുണ്ടായി. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
വെള്ളിക്കുളങ്ങര സ്കൂള്‍ ജങ്ഷനില്‍ വെള്ളക്കെട്ടുയര്‍ന്നു. റോഡില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡരികിലെ കാനകള്‍ കവിഞ്ഞൊഴുകിയതാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയായത്. കനത്ത മഴയില്‍ പാലിയേക്കര പഴയ ഹൈവേയില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വരന്തരപ്പിള്ളി കൽക്കുഴിയിൽ ഗർഭിണിയായ പശു മിന്നലേറ്റ് ചത്തു. പുത്തൂരിന് സമീപം മാന്ദാമംഗലം മരോട്ടിച്ചാലിൽ 19 തൊഴിലുറപ്പ് തൊഴിലാളികൾക്കും മിന്നലിൽ പരിക്കേറ്റു. അഞ്ചുപേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
മഴ ശക്തമായതിനെ തുടർന്ന് അതിരപ്പിള്ളി മലക്കപ്പാറ മേഖലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചു. ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരിൽ ഷോളയാർ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യത ഉള്ളതിനാൽ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. പീച്ചി ഡാം ഷട്ടറുകൾ 12 ഇഞ്ച് വരെ ഉയർത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ ജലം കൂടുതൽ പുറത്തേക്കൊഴുക്കുന്നത് തൃശൂർ നഗരത്തെയും ബാധിക്കും. കഴിഞ്ഞ പ്രളയകാലത്ത് കിഴക്കേ കോട്ടയും ഗാന്ധി നഗറും ചെമ്പൂക്കാവുമടക്കം പ്രളയത്തിലാക്കിയത് പീച്ചിയിൽ നിന്നുള്ള വെള്ളമായിരുന്നു. പീച്ചി വെള്ളം തന്നെയാണ് മണലിപ്പുഴയിലേക്കും കരുവന്നൂർ പുഴയിലേക്കും വിടുന്നത്. ഇത് പടിഞ്ഞാറൻ മേഖലയെ വെള്ളത്തിലാക്കുന്നതാണ്. പെരിങ്ങൽക്കുത്തിൽ നിന്ന് 200 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. ഇത് ഇപ്പോൾതന്നെ നിറഞ്ഞൊഴുകുന്ന ചാലക്കുടി പുഴയെയും പ്രതിസന്ധിയിലാക്കും.
മലമ്പുഴ, ആളിയാർ ഡാമുകൾ തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരും. ഇത് വടക്കാഞ്ചേരി പുഴയെയും ബാധിക്കും. ഉച്ചയോടെ മഴയുടെ അളവിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രിയിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിെൻറ ആശങ്കയിലാണ് ജില്ല.
അഴുക്കുചാൽ കവിഞ്ഞ് വീടുകളില്‍ വെള്ളം
കൊടകര: കനത്തു പെയ്ത മഴയില്‍ ദേശീയപാതയിലെ കൊടകര, പേരാമ്പ്ര ഭാഗത്ത് പരക്കെ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹനയാത്രക്കാരേയും പരിസരവാസികളേയും ദുരിതത്തിലാക്കി. മഴവെള്ളം അഴുക്കുചാലിലൂടെ ശരിയായി ഒഴുകിേപ്പാകാത്തതാണ് ദുരിതം സൃഷ്ടിച്ചത്.
ദേശീയപാതയിലെ പേരാമ്പ്ര പള്ളി ജങ്ഷന്, അപ്പോളോ ജങ്ഷന് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടത്. അഴുക്കുചാലുകള്‍ കവിഞ്ഞൊഴുകിയ വെള്ളം സമീപത്തെ വീടുകളിലേക്ക് ഇരച്ചു കയറി.
അഴുക്കുചാൽ അടഞ്ഞതു മൂലം വെള്ളം കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പേരാമ്പ്ര അപ്പോളോ പരിസരത്തെ മൂന്നു വീടുകളിലേക്ക് വെള്ളം കയറി.ചുങ്കന്‍ വര്‍ഗീസ്, കുറ്റിക്കാടന്‍ ആൻറണി, കോമ്പാന്‍ ബിജു എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.
പേരാമ്പ്ര പള്ളി ജങ്ഷനിലെ ബാര്‍ബര്‍ ഷോപ്പിലും ഇത്തരത്തില്‍ വെള്ളം കയറി.അഴുക്കുചാൽ കവിഞ്ഞൊഴുകിയ വെള്ളം പല ഭാഗത്തും സർവിസ് റോഡിലൂടെ കുത്തിയൊഴുകി. ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് ഇവിടെ വെള്ളക്കെട്ടിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ടി.ജെ. സനീഷ്കുമാര് എം.എല്‍.എ, കൊടകര പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
രാത്രികാല യാത്രക്ക് നിരോധനം;പുഴയിലിറങ്ങുന്നതിനും മത്സ്യബന്ധനത്തിനും വിലക്ക്
അതിതീവ്ര മഴക്കുള്ള സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര 18 വരെ നിരോധിച്ചു. വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. വയൽ, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കുന്ന മുറക്ക് ബന്ധു വീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കാനും നിർദേശം നൽകി. പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു. കടലിലുള്ള മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകരുത്. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയും ഒക്ടോബർ 18 വരെ അനുവദനീയമല്ല. നദീതീരങ്ങൾ, പാലം, മലഞ്ചരിവ്, ബീച്ചുകൾ എന്നിവിടങ്ങളിൽ വിനോദത്തിന് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി. പ്രത്യേക ജാഗ്രത തുടരാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
രണ്ട് ക്യാമ്പുകൾ തുറന്നു
ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ അഞ്ച് കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എൽ.പി സ്കൂളിൽ വിവിധ കുടുംബങ്ങളിലെ 38 പേരുമുണ്ട്.
ചാലക്കുടിയിൽ അതിതീവ്ര മഴ; ദേശീയപാതയിൽ വെള്ളക്കെട്ട്
ചാലക്കുടി: അതിതീവ്ര മഴയെ തുടർന്ന് വെള്ളം ഉയർന്നതിനാൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വനമേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിെൻറ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രങ്ങൾ ശനിയാഴ്ച ഉച്ചതിരിഞ്ഞ് അനിശ്ചിതകാലത്തേക്ക് അടച്ചു.
ശനിയാഴ്ച ഉച്ചവരെ 124 എം.എം മഴയാണ് ചാലക്കുടിയിൽ പെയ്തത്. പുകയും മൂടലും വന്നതോടെ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു.
വാഹനങ്ങളുടെ എൻജിനിൽ വെള്ളം കയറുന്നത്ര ഗുരുതരമായ വെള്ളക്കെട്ടും ഉണ്ടായി.
ഡ്രൈവർക്ക് ശരിയായി കാണാൻ കഴിയാത്തതിനാൽ മുരിങ്ങൂരിൽ നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു. ഡിവൈൻ അടിപ്പാതയുടെ ഇരുവശത്തെയും സർവിസ് റോഡിൽ ക്രമാതീതമായി വെള്ളം ഉയർന്നു. ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പിൻഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
അതിരപ്പിള്ളി റോഡിൽ പരിയാരം ജങ്ഷൻ ഭാഗത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കാടുകുറ്റിയിലും റോഡിൽ പലയിടത്തായി വെള്ളക്കെട്ട് ഉണ്ടായി.
പറമ്പിക്കുളം ഡാമിൽനിന്ന് രാവിലെ സെക്കൻഡിൽ 2000 ഘനയടി വെള്ളം തുറന്നുവിട്ടിരുന്നു. ഇതോടെ പെരിങ്ങലിൽ വീണ്ടും വെള്ളം ഉയരുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഡാമിെൻറ സ്ലൂയിസ് വാൽവ് അടച്ചത്. ശനിയാഴ്ച ഉച്ചയോടെ വീണ്ടും തുറന്നു. സെക്കൻഡിൽ 200 ഘനയടി വെള്ളം വീതമാണ് തുടക്കത്തിൽ പുറത്തുവിട്ടത്. പെരിങ്ങലിലെ ജലനിരപ്പ് 416 മീറ്റർ ആകുന്നതു വരെ വെള്ളം തുറന്നുവിടും. എന്നാൽ, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കുറവായിരുന്നു.
അതിനാൽ വെള്ളപ്പൊക്കത്തെക്കുറിച്ച് തൽക്കാലം ആശങ്കയില്ല. മഴയെ തുടർന്ന് മലയോര മേഖലയിൽ രാത്രിയിലെ ഗതാഗതം കലക്ടർ നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

