ദേശീയപാത വികസനം: തൃപ്രയാറിൽ 30 വീട്ടുകാർക്ക് ‘തടാക ജീവിതം’
text_fieldsതൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിനും ജെ.കെ. തിയറ്ററിനുമിടയിലെ വെള്ളക്കെട്ട്
തൃപ്രയാർ: മഴക്കാലമായതോടെ വീട്ടുമുറ്റവും പരിസര പ്രദേശങ്ങളും വെള്ളം കയറി തടാകത്തിൽ ജീവിക്കുന്നവരായി തൃപ്രയാറിലെ 30 വീട്ടുകാർ. നിർമാണം നടക്കുന്ന എൻ.എച്ച്-66ന് സമാന്തരമായി കിഴക്കേ ടിപ്പു സുൽത്താൻ റോഡിന് പടിഞ്ഞാറ് ഭാഗം ജെ.കെ. തിയേറ്ററിനും ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിനുമിടയിൽ കിടക്കുന്ന പ്രദേശം കഴിഞ്ഞ ഒന്നര മാസമായി വെള്ളം നിറഞ്ഞിരിക്കുകയാണ്.
വെള്ളമൊഴുകിയിരുന്ന അങ്ങാടി തോട് റോഡ് നിർമാണത്തിന്റെ ഭാഗമായി അടഞ്ഞുകിടക്കുകയാണ്.
ഇതിനാൽ വെള്ളം കെട്ടി നിൽക്കുകയാണിവിടെ. 30 വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് പുറത്തിറങ്ങാൻ നിവൃത്തിയില്ല. കെട്ടിക്കിടക്കുന്ന വെള്ളത്താൽ പലർക്കും അസുഖം പിടിപെട്ടിരിക്കുകയാണ്. വെള്ളം കയറി പ്രദേശത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം ഒഴുകിയിരുന്ന വഴികളെല്ലാം അടഞ്ഞു പോയിരിക്കുകയുമാണ്.

