ദേശീയപാത നിർമാണം: മാലിന്യവും ചളിയും ചേറ്റുവ പുഴയിലേക്ക് തള്ളി
text_fieldsചേറ്റുവ പുഴയിലേക്ക് തള്ളിയ ചളിയും മട്ടും അടിഞ്ഞു കിടക്കുന്നു
ചേറ്റുവ: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചേറ്റുവ പുഴയിൽ നിന്ന് ഡ്രഡ്ജിങ് നടത്തിയ ശേഷം ബാക്കിവന്ന ചളിയും മട്ടും പുഴയിലേക്ക് തന്നെ തള്ളിയത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. പുഴയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ചളിയും മട്ടും അടിഞ്ഞുകിടക്കുന്നതിനാൽ വള്ളം ഇറക്കാനോ അനുബന്ധ തൊഴിലുകൾക്കായി പുഴയിൽ പോകാനോ കഴിയാത്ത സ്ഥിതിയിലാണ് പരമ്പരാഗത തൊഴിലാളികൾ.
പുഴയിൽനിന്ന് ഡ്രഡ്ജിങ് ചെയ്തെടുത്ത മണലും ചളിയും ഉപ്പുവെള്ളവും സമീപത്തെ പറമ്പുകളിൽ വലിയ കുളങ്ങളുണ്ടാക്കിയാണ് ശേഖരിച്ചിരുന്നത്. ഇതിൽനിന്ന് മണൽ മാത്രം ദേശീയപാത നിർമാണത്തിനായി കരാർ കമ്പനി കൊണ്ടുപോവുകയും ബാക്കിവന്ന മാലിന്യവും ചളിയും തിരിച്ച് പുഴയിലേക്ക് തന്നെ ഒഴുക്കിവിടുകയുമായിരുന്നു. കരയ്ക്ക് സമീപം വലിയ തോതിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
അബദ്ധവശാൽ ആരെങ്കിലും പുഴയിൽ ഇറങ്ങിയാൽ ചളിയിൽ കുടുങ്ങി ജീവാപായം വരെ സംഭവിക്കാൻ സാധ്യതയേറെയാണ്. പറമ്പുകളിൽ വലിയ കുളങ്ങളുണ്ടാക്കി ഉപ്പുവെള്ളം ശേഖരിച്ചത് സമീപത്തെ തെങ്ങുകൃഷി പൂർണമായും നശിക്കാൻ കാരണമായി. ഭാവിയിൽ ഈ ഉപ്പുവെള്ളത്തിന്റെ അംശം കൂടുതൽ പറമ്പുകളിലേക്ക് വ്യാപിക്കാനും ഫലവൃക്ഷത്തൈകൾ ഉൾപ്പെടെ നശിക്കാനും ഇടയാക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
പുഴയിലെ എക്കലും ചളിയും നീക്കാനാണ് ദേശീയപാത കരാർ കമ്പനിക്ക് അനുമതി നൽകിയിരുന്നതെന്നും, എന്നാൽ മണൽ മാത്രം ഊറ്റിയെടുത്ത് ബാക്കി അവശിഷ്ടങ്ങൾ തിരികെ തള്ളി പുഴയെ നശിപ്പിക്കുകയാണ് കമ്പനി ചെയ്തതെന്നും സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെ പരിശോധനയോ മേൽനോട്ടമോ ഇല്ലാത്തതാണ് ഇത്രയധികം മാലിന്യം പുഴയിൽ അടിയാൻ കാരണം.
ഇറിഗേഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേറ്റുവ പുഴയോരത്തും പരിസരത്തും അടിയന്തരമായി പരിശോധന നടത്തണം. കൃഷിനശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും പുഴയിലെ ചളിയും മട്ടും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാനും ഉടൻ നടപടി സ്വീകരിക്കണമെന്നും ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

